സ്വന്തം ലേഖകൻ

ലണ്ടൻ : എല്ലാ എൻഎച്ച്എസ് ജീവനക്കാരും രോഗികളും സന്ദർശകരും ജൂൺ 15 മുതൽ മാസ്ക് ധരിക്കണമെന്ന സർക്കാർ പ്രഖ്യാപനത്തിന് മുമ്പ് എൻ‌എച്ച്എസ് ട്രസ്റ്റുകളുമായി കൂടിയാലോചിച്ചില്ലെന്ന് എൻ‌എച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. സുപ്രധാനവും സങ്കീർണ്ണവുമായ മാറ്റങ്ങളെക്കുറിച്ച് ട്രസ്റ്റ് മേധാവികൾക്ക് അറിവില്ലെന്ന് ക്രിസ് ഹോപ്സൺ പറഞ്ഞു. ജൂൺ പകുതി മുതൽ ആശുപത്രി സന്ദർശകരും രോഗികളും മാസ്ക് ഉപയോഗിക്കണമെന്നും ജീവനക്കാർ ശസ്ത്രക്രിയ മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഈയൊരു സുപ്രധാന തീരുമാനം എൻ എച്ച് എസ്സിന്റെ അറിവോടെ അല്ലെന്ന് ഹോപ്‌സൺ വെളിപ്പെടുത്തി. ആശുപത്രികൾക്കുള്ളിൽ മുഖം മൂടണമെന്ന് പൊതുജനങ്ങളളോട് ആവശ്യപ്പെടുമ്പോഴും ആർക്കും പരിചരണം നിഷേധിക്കില്ലെന്ന് എൻ എച്ച് എസ് വക്താവ് പറഞ്ഞു. എൻ എച്ച് എസ് ട്രസ്റ്റുകൾക്കായി ഇന്നലെ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശത്തിൽ സുപ്രധാന വിവരങ്ങൾ ഉൾപ്പെടുന്നു. ആളുകൾക്ക് ഇനി മുതൽ ആശുപത്രി സന്ദർശനത്തിന് അനുമതിയുണ്ട്. ഒരു സമയം ഒരു സന്ദർശകനെ മാത്രമേ അനുവദിക്കുകയള്ളൂ. എന്നാൽ കുടുംബാംഗങ്ങൾ കൂടെയുള്ളപ്പോൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് മറ്റൊരു സന്ദർശകനെ അനുവദിക്കാവുന്നതാണ്.

സന്ദർശകർ എല്ലായ്പ്പോഴും മാസ്കുകൾ ധരിക്കണമെന്നും കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകൾ സന്ദർശിക്കാൻ പാടില്ല എന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. മുഖാമുഖ സന്ദർശനം പരമാവധി ഒഴിവാക്കി വെർച്വൽ സന്ദർശനത്തിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. മാറ്റങ്ങൾ നടപ്പാക്കാൻ ട്രസ്റ്റുകൾക്ക് അടുത്തയാഴ്ച സമയമുണ്ടെന്നും ഈ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എൻ‌എച്ച്എസ് ഇംഗ്ലണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. സർക്കാരിന്റെ മാർഗനിർദേശം പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെന്ന് ഹോപ്‌സൺ പറഞ്ഞു. എൻ എച്ച് എസ് ഉദ്യോഗസ്ഥർ ഫേസ് മാസ്ക് ധരിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, ആവശ്യമുള്ള മാസ്കുകളുടെ എണ്ണം, വിതരണം ചെയ്യുന്ന രീതി തുടങ്ങി ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ബിബിസി ന്യൂസിനോട് പറഞ്ഞു.

ഹോപ്സന്റെ വിമർശനം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഏറ്റെടുത്ത് ചോദ്യങ്ങൾ ഉന്നയിച്ചു. കോവിഡ് -19 പകർച്ചവ്യാധിയിലുടനീളം പിപിഇ കിറ്റിന്റെ അഭാവം കണക്കിലെടുക്കുമ്പോൾ ജൂൺ 15നകം ഉദ്യോഗസ്ഥർക്കും രോഗികൾക്കും സന്ദർശകർക്കും വേണ്ടത്ര ഫേസ് മാസ്ക് ലഭ്യമാക്കണമെന്നും അത് സർക്കാർ ഉറപ്പാക്കേണ്ടത് തികച്ചും നിർണായകമാണെന്നും കൺസൾട്ടന്റ്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു. പൊതുഗതാഗതവും കടകളും പോലെ സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ മുഖം മൂടാൻ സർക്കാരുകൾ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.