ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിലുള്ള മൃഗശാലയിൽ കടുവയുടെ കൂട്ടിലേക്ക് ചാടിയ യുവാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡോൺകാസ്റ്ററിന് സമീപമുള്ള യോർക്ക്ഷെയർ വൈൽഡ് ലൈഫ് പാർക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി സൗത്ത് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെത്തുടർന്ന് അടിയന്തിര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി. കടുവയ്ക്ക് പരിക്കുകളില്ലെന്നും സംഭവത്തിനുശേഷവും അത് കൂട്ടിൽത്തന്നെ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ, അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് അധികൃതരുമായി ചേർന്ന് അന്വേഷണം നടത്തിവരികയാണെന്ന് മൃഗശാലാ അധികൃതരും അറിയിച്ചു.

2009ൽ പ്രവർത്തനം ആരംഭിച്ച യോർക്ക്ഷെയർ വൈൽഡ് ലൈഫ് പാർക്കിൽ 2011ലാണ് ‘ലാൻഡ് ഓഫ് ദ ടൈഗേഴ്സ്’ എന്ന കടുവാ സങ്കേതം തുറന്നത്. വംശനാശഭീഷണി നേരിടുന്ന അമുർ കടുവകൾക്കായി രണ്ടേക്കർ വിസ്തൃതിയിലുള്ള പ്രത്യേക മേഖലയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്ത് കാട്ടിൽ ഏകദേശം 500 അമുർ കടുവകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്തേക്ക് രണ്ട് ആംബുലൻസുകളും യോർക്ക്ഷെയർ എയർ ആംബുലൻസും ഡോക്ടർ ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ അയച്ചതായി ആംബുലൻസ് സർവീസ് അറിയിച്ചു.