ദുബായ്: ഒമാൻ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എണ്ണക്കപ്പലായ എംടി പെട്രോ ഡോൾഫിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപതു പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച സോഹാർ ആങ്കറേജിനു സമീപമാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കാണാതായവർക്കായി പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

സംഭവത്തിൽ ഒമാനിലെ ഇന്ത്യൻ എംബസി അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ നിരീക്ഷിച്ചുവരികയാണ്. കാണാതായ നാവികരെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എംബസി അറിയിച്ചു. വാണിജ്യ കപ്പലുകൾക്കു നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഭവത്തെ അപലപിച്ചു. നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പശ്ചിമേഷ്യയിലെ സംഘർഷത്തിന് അടിയന്തര പരിഹാരം കാണണമെന്നും ഇന്ത്യ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ശക്തമാണ്. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 11 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളെ അപലപിച്ച ഇന്ത്യ, സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. മേഖലയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.