ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കാമുകനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ കാത്തുകഴിയുന്ന ബ്രിട്ടീഷ് ടിക് ടോക് താരം ബ്രൂക്ക് ജോർജ് (23) ദുബായിലെ കുപ്രസിദ്ധമായ ബർ ദുബായ് പൊലീസ് തടങ്കൽ കേന്ദ്രത്തിൽ ദുരിതത്തിലാണെന്ന് കുടുംബം. കെന്റിലെ ഗ്രേവ്സെൻഡിൽ നിന്നുള്ള ബ്രൂക്കിനെ കാമുകൻ വില്യം ‘ബിൽ’ ട്രീബിയുടെ (26) മരണവുമായി ബന്ധപ്പെട്ട് ജൂൺ 21നാണ് ദുബായ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. കാമുകനെ കുത്തിയെന്ന കാര്യം ബ്രൂക്ക് നിഷേധിച്ചിട്ടില്ലെങ്കിലും സ്വയംരക്ഷയ്ക്കായാണ് അങ്ങനെ ചെയ്തതെന്നാണ് അഭിഭാഷകരുടെ വാദം. കേസിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴിന് വീഡിയോ കോൺഫറൻസ് വഴി നടന്ന കോടതി നടപടിക്കിടെ പ്രോസിക്യൂഷൻ സാക്ഷികൾ ഹാജരാകാതിരുന്നതിനെത്തുടർന്ന് വിചാരണ ഒക്ടോബർ 28ലേക്ക് മാറ്റി.

തടങ്കൽ കേന്ദ്രത്തിലെ സാഹചര്യങ്ങൾ മകളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി അമ്മ ടെസ് ആരോപിച്ചു. മുറികളിൽ മുഴുവൻ സമയവും ശക്തമായ വെളിച്ചമാണെന്നും കുഞ്ഞുങ്ങളുടെ കരച്ചിലും നിലവിളിയും കേൾക്കാമെന്നും അവർ പറഞ്ഞു. ഉറങ്ങാൻ സഹായിക്കുന്ന മരുന്നുകൾ ലഭിച്ചിട്ടില്ലെന്നും വീട്ടിലേക്ക് വിളിക്കുമ്പോൾ ഫോൺ സംഭാഷണങ്ങൾ ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നുവെന്നും അമ്മ ആരോപിച്ചു. മകളുടെ ആരോഗ്യനില മോശമാകുന്നതിൽ ആശങ്കയുണ്ടെന്നും കുടുംബവുമായി സംസാരിക്കാൻ കൂടുതൽ അവസരം ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തടങ്കലിൽ കഴിയുന്ന വിദേശികളെ സഹായിക്കുന്ന ‘ഡിറ്റെയിൻഡ് ഇൻ ദുബായ്’ സംഘടനയും ബ്രൂക്കിന്റെ കുടുംബത്തിന് പിന്തുണ നൽകുന്നുണ്ട്. ആരോപണങ്ങൾ നേരിടുന്ന വ്യക്തിക്കും വിചാരണ പൂർത്തിയാകുന്നതുവരെ മാനുഷികമായ പരിഗണനയും ആവശ്യമായ ചികിത്സയും ലഭിക്കണമെന്ന് സംഘടനാ സ്ഥാപക റാധ സ്റ്റെർലിങ് പറഞ്ഞു.

ദുബായിലെ ബർ ദുബായ് തടങ്കൽ കേന്ദ്രത്തിൽ ബ്രിട്ടീഷ് പൗരന്മാർ നേരിടുന്ന സാഹചര്യങ്ങൾ മുൻപും വിവാദമായിട്ടുണ്ട്. 2011ൽ ബ്രിട്ടീഷ് വിനോദസഞ്ചാരിയായ ലീ ബ്രാഡ്ലി ബ്രൗൺ ഇവിടെ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ദുബായിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിലെ ജീവനക്കാരനുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്നായിരുന്നു അറസ്റ്റ്. സ്വന്തം ഛർദിയിൽ ശ്വാസംമുട്ടിയാണ് മരണമെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ, 2022ൽ നടന്ന അന്വേഷണത്തിൽ അധികൃതരുടെയും സഹതടവുകാരുടെയും ഭാഗത്തുനിന്നുണ്ടായ ക്രൂരമായ മർദനവും അനാസ്ഥയും മരണത്തിന് കാരണമായതായി കണ്ടെത്തി. ബ്രൂക്കിന്റെ കേസിൽ വിചാരണ നടക്കാനിരിക്കെ, തടങ്കൽ കേന്ദ്രത്തിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കുടുംബത്തിന്റെ ആരോപണങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.











Leave a Reply