ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യൂറോപ്യൻ വാഹന വ്യവസായത്തെ സംരക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു) മുന്നോട്ടുവയ്ക്കുന്ന പുതിയ നിയമങ്ങളിൽ ബ്രിട്ടനെയും ഉൾപ്പെടുത്തണമെന്ന് പ്രമുഖ വാഹന നിർമാതാക്കളായ സ്റ്റെല്ലാന്റിസും റെനോയും. യൂറോപ്യൻ യൂണിയന്റെ അംഗരാജ്യങ്ങളെപ്പോലെ ബ്രിട്ടനെയും പരിഗണിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. യൂറോപ്പിൽ നിർമിക്കുന്ന വാഹനങ്ങൾക്കും ഘടകങ്ങൾക്കും സബ്സിഡിയും സർക്കാർ വാങ്ങലുകളിൽ മുൻഗണനയും ഉറപ്പാക്കുകയാണ് നിർദിഷ്ട ‘മെയ്ഡ് ഇൻ യൂറോപ്പ്’ നിയമത്തിന്റെ ലക്ഷ്യം. ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോയ ബ്രിട്ടനെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് വാഹന വ്യവസായ മേഖലയും സർക്കാരും രംഗത്തെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ മഹാമാരിക്കുശേഷം വാഹനങ്ങളുടെ ആവശ്യകതയിലുണ്ടായ കുറവും വൈദ്യുത വാഹന നിർമാണത്തിലേക്കുള്ള മാറ്റത്തിന് വേണ്ടിവരുന്ന വൻ നിക്ഷേപവും യൂറോപ്യൻ വാഹന വ്യവസായത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഇതിനിടെ ചൈനീസ് വാഹന നിർമാതാക്കൾ യൂറോപ്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ചൈനയിൽനിന്നുള്ള വാഹന ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ബ്രിട്ടൻ ആലോചിക്കണമെന്ന് സ്റ്റെല്ലാന്റിസിന്റെ യൂറോപ്യൻ വിഭാഗം മേധാവി ഇമ്മാനുവേൽ കപ്പെല്ലാനോയും റെനോ മേധാവി ഫ്രാൻസ്വാ പ്രോവോയും ആവശ്യപ്പെട്ടു. ചൈനീസ് വാഹനങ്ങൾക്ക് നിയന്ത്രണമില്ലാതെ വിപണിയിൽ പ്രവേശനം അനുവദിക്കുകയും അതേസമയം ആഭ്യന്തര വാഹന വ്യവസായത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണെന്നാണ് അവരുടെ നിലപാട്.

ചൈനീസ് വാഹനങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നതിൽ ബ്രിട്ടീഷ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും വിഷയം പുനഃപരിശോധനയിലാണ്. യൂറോപ്യൻ വാഹന വ്യവസായത്തിന്റെ ഭാഗമാകാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർമാണം, വിതരണ ശൃംഖല, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കണമെന്നും വാഹന നിർമാതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, വാഹന നിർമാണത്തിന് ആവശ്യമായ ബാറ്ററികൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ യൂറോപ്പിൽത്തന്നെ ലഭ്യമാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചൈനയാണ് ആഗോള ബാറ്ററി വിതരണത്തിൽ മുന്നിലുള്ളത്. പുതിയ നിയമങ്ങളുടെ അന്തിമരൂപം ബ്രിട്ടീഷ് വാഹന വ്യവസായത്തിന്റെ ഭാവിയെയും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധത്തെയും സ്വാധീനിച്ചേക്കും.