ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). ആദ്യഘട്ടത്തിൽ മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് ഉത്സവകാലത്ത് 561 ബസുകളും സർവീസ് നടത്തും. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കും. ആവശ്യമായി വന്നാൽ വാടകയ്ക്കെടുക്കുന്ന ബസുകളും സർവീസിന് ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽനിന്നും പ്രത്യേക സർവീസ് കേന്ദ്രങ്ങളിൽനിന്നും ഘട്ടംഘട്ടമായി ബസുകൾ ഓടിക്കും. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിൽനിന്ന് പ്രത്യേക സർവീസുകളുണ്ടാകും. മണ്ഡലപൂജാ കാലത്ത് നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് സമയത്ത് 220 ബസുകളും സർവീസ് നടത്തും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും സർവീസ് നടത്താനാണ് തീരുമാനം. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ അധിക ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കും.











Leave a Reply