ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ കുടുംബകലഹത്തെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. പ്രിയങ്ക (30), മാതാവ് നേശം എന്ന വസന്ത (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രിയങ്കയുടെ ഭർത്താവ് പ്രിൻസിനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 21 ബുധനാഴ്ച രാത്രി ഏഴരയോടെയാണ് എസ്റ്റേറ്റിലെ ലയത്തിൽ നാടിനെ നടുക്കിയ സംഭവം നടന്നത്.
കുടുംബത്തിൽ ഏറെനാളായി പ്രശ്നങ്ങളും വഴക്കുകളും നിലനിന്നിരുന്നതായാണ് പ്രാഥമിക വിവരം. സംഭവദിവസം മദ്യലഹരിയിലെത്തിയ പ്രിൻസ് ഭാര്യാമാതാവുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ വീട്ടിലെത്തിയ പ്രിയങ്കയെയും ആക്രമിച്ചു. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പിതാവിനും പരുക്കേറ്റത്.
നിലവിളിയും ബഹളവും കേട്ട് അയൽവാസികൾ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് പൊലീസ് പ്രിൻസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കുടുംബപ്രശ്നങ്ങളാണോ ആക്രമണത്തിലേക്ക് നയിച്ചതെന്നും സംഭവത്തിന്റെ മറ്റു സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയങ്ക അടുത്തിടെയാണ് നാട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











Leave a Reply