തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ബുധനാഴ്ച (ഒക്ടോബർ 21) ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ അറബിക്കടലിലെ ന്യൂനമർദവും അന്തരീക്ഷത്തിലെ മറ്റ് കാലാവസ്ഥാ മാറ്റങ്ങളും കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകുന്നുണ്ട്. ഒക്ടോബർ 26 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. മുന്നറിയിപ്പുകൾ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച വൈകിട്ടുള്ള മുന്നറിയിപ്പനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.

മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 23 വരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകിവീഴാനും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മഴ ശക്തമാകുമ്പോൾ നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നതും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുന്നതും ഒഴിവാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു