ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കൊക്കെയ്ൻ ഉപയോഗം വർധിച്ചതോടെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഉയരുന്നതായി റിപ്പോർട്ട്. ആക്രമണം, ഗാർഹിക പീഡനം, അപകടകരമായ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് കൊക്കെയ്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കിൽ 10 ശതമാനത്തിലേറെ വർധനയുണ്ടായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത് . ഇംഗ്ലണ്ടിലെ വിവിധ കേന്ദ്രങ്ങളിൽ കൊക്കെയ്ൻ ഉപയോഗം 2021-നുശേഷം 26 ശതമാനം വർധിച്ചതായും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മലിനജലത്തിലെ കൊക്കെയ്ൻ അവശിഷ്ടങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, 2024 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെ ഇംഗ്ലണ്ടിൽ ഏകദേശം 1,23,000 കിലോഗ്രാം കൊക്കെയ്ൻ ഉപയോഗിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതിന് ഏകദേശം 1,000 കോടി പൗണ്ടിന്റെ വിപണിമൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.

2025-ൽ കൊക്കെയ്നെ പരാമർശിക്കുന്ന 29,922 കുറ്റകൃത്യങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം ജനങ്ങളിൽ 63.4 കേസുകൾ എന്ന നിരക്കാണിത്. ഇതിൽ ഭൂരിഭാഗവും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണെങ്കിലും 18 ശതമാനത്തോളം അക്രമസംഭവങ്ങളാണ്. പിന്തുടരൽ, ഉപദ്രവിക്കൽ, കൊലപാതകം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. കൊക്കെയ്നെ പരാമർശിച്ച പൊലീസ് റിപ്പോർട്ടുകളിൽ ലൈംഗിക കുറ്റകൃത്യങ്ങളും ബലാത്സംഗക്കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക പീഡനക്കേസുകളിൽ അറസ്റ്റിലായവരിൽ നടത്തിയ ലഹരിപരിശോധനകളിൽ 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ പത്തിൽ ആറിനടുത്ത് പരിശോധനാഫലങ്ങൾ കൊക്കെയ്ൻ ഉപയോഗം സൂചിപ്പിക്കുന്നതായും റിപ്പോർട്ടിലുണ്ട്. അതേസമയം, കുറ്റകൃത്യങ്ങളുടെ രേഖകളിൽ കൊക്കെയ്നെ പരാമർശിക്കുന്നതുകൊണ്ടുമാത്രം ലഹരിയാണ് കുറ്റകൃത്യത്തിന് കാരണമെന്ന് ഉറപ്പിക്കാനാവില്ലെന്ന് വിദഗ്ധർ അഭിപ്രയപെട്ടു.

ലഹരിയുടെ സ്വാധീനത്തിൽ നിലവിലുള്ള സംഘർഷങ്ങൾ കൂടുതൽ ഗുരുതരമാകാമെന്നും ഗാർഹിക പീഡനം വർധിപ്പിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025-ൽ ബ്രിട്ടനിൽ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളെക്കാൾ ലഹരിമരുന്ന് ഉപയോഗിച്ചുള്ള വാഹനമോടിക്കൽ കുറ്റങ്ങൾ കൂടുതലായി രേഖപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ലഹരിമരുന്ന് ഉപയോഗം തടയുന്നതിന് പൊലീസ് നടപടികൾ മാത്രം മതിയാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ലഹരിയിലേക്കുള്ള ആകർഷണം കുറയ്ക്കുക, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട അക്രമവും ചൂഷണവും തടയാൻ സമഗ്രമായ പ്രതിരോധനയം ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.











Leave a Reply