പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയെന്ന ആരോപണത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഇൻസ്പെക്ടറായിരുന്ന ടി.കെ. വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി. 28 വയസ്സുള്ള യുവതി നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.ജി.യാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത് .
ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി ജോലി ചെയ്തിരുന്ന കാലത്താണ് ഇൻസ്പെക്ടറും യുവതിയും പരിചയത്തിലായതെന്നാണ് വിവരം. ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടിയശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും പിന്നീട് വാക്കുമാറിയെന്നുമാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ പേരൂർക്കട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയും അദ്ദേഹത്തോടൊപ്പം തലസ്ഥാനത്ത് താമസിച്ചിരുന്നതായാണ് റിപ്പോർട്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടിയെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.
അതേസമയം, ഇൻസ്പെക്ടർക്കെതിരെ ഔദ്യോഗികമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ യുവതി താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ, പരാതി ലഭിച്ച സാഹചര്യത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാനാകുമോയെന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വീകരിക്കുക.











Leave a Reply