ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അപരിചിതനായ രക്താർബുദ രോഗിക്ക് പുതുജീവനേകാൻ മൂലകോശങ്ങൾ (Stem Cells) ദാനം ചെയ്ത് യുകെ മലയാളി സോണി ആന്റണി (53). വെയിൽസിലെ ന്യൂപോർട്ടിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകനായ സോണി ആന്റണി, യുകെയിലെ DKMS എന്ന രക്താർബുദ ചികിത്സാ സഹായ സംഘടനയുടെ ദാതാക്കളുടെ പട്ടികയിൽ മൂന്ന് വർഷം മുമ്പാണ് പേര് ചേർത്തത്. പിതാവ് ക്യാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മൂലകോശദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം ഈ തീരുമാനമെടുത്തത്. രക്തപരിശോധനകളിലൂടെ അനുയോജ്യനായ ദാതാവാണെന്ന് സ്ഥിരീകരിച്ചതോടെ ലണ്ടനിലെ ക്ലിനിക്കിൽ ദാനത്തിനുള്ള ക്രമീകരണങ്ങൾ നടത്തി. ഒരു ദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കി രാത്രി എട്ടോടെ വീട്ടിലെത്തിയ സോണി അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ദാനപ്രക്രിയയെക്കുറിച്ച് പലർക്കുമുള്ള ഭയവും തെറ്റിദ്ധാരണകളും മാറ്റേണ്ടതുണ്ടെന്ന് സോണി പറയുന്നു. വലിയ ശസ്ത്രക്രിയയാണെന്നും ആരോഗ്യത്തെ ദീർഘകാലം ബാധിക്കുമെന്നുമുള്ള ആശങ്കകൾ വേണ്ടെന്നും ദാനത്തിനുശേഷം ശരീരത്തിൽ പ്രത്യേക മാറ്റങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവം നൽകിയ അപൂർവമായ അവസരമായാണ് ഈ പ്രവർത്തനത്തെ കാണുന്നതെന്നും മറ്റൊരാളുടെ ജീവിതം പുതുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സോണി പറഞ്ഞു. നേഴ്സായ ഭാര്യ സോണിയയും മൂലകോശ – അവയവദാന ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ദക്ഷിണേഷ്യൻ സമൂഹത്തിൽ അവയവദാനത്തിന്റെയും മൂലകോശദാനത്തിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുന്ന ഉപഹാർ (Upahaar) സംഘടനയിൽ സന്നദ്ധപ്രവർത്തകയായ അവർ DKMS UK-യുമായി ചേർന്ന് ദാതാക്കളുടെ രജിസ്ട്രേഷൻ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ജനിതക സവിശേഷതകളിലെ സാമ്യമാണ് മൂലകോശദാനത്തിൽ ദാതാവിനെയും രോഗിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിർണായകം. അതിനാൽ ദക്ഷിണേഷ്യൻ വംശജരായ രക്താർബുദ രോഗികൾക്ക് അനുയോജ്യമായ ദാതാക്കളെ കണ്ടെത്താൻ പലപ്പോഴും ദീർഘകാലം കാത്തിരിക്കേണ്ടിവരുന്നു. ഏകദേശം 30 ശതമാനം രോഗികൾക്ക് മാത്രമാണ് കുടുംബാംഗങ്ങളിൽനിന്ന് അനുയോജ്യമായ ദാതാവിനെ കണ്ടെത്താനാകുന്നത്. 16 മുതൽ 55 വയസ്സുവരെയുള്ള പൊതുവെ ആരോഗ്യവാന്മാർക്ക് കവിളിനുള്ളിൽനിന്ന് കോശങ്ങൾ ശേഖരിക്കുന്ന സ്വാബ് പരിശോധനയിലൂടെ DKMS രജിസ്ട്രിയിൽ പേര് ചേർക്കാം. യുകെയിലെ ഒരു പുരുഷ രോഗിക്കാണ് തന്റെ മൂലകോശങ്ങൾ ലഭിച്ചതെന്ന് മാത്രമാണ് സോണിക്ക് അറിയാൻ കഴിഞ്ഞത്. ദാതാവിന്റെയും സ്വീകർത്താവിന്റെയും വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാലാണിത്. കൂടുതൽ മലയാളികളും ദക്ഷിണേഷ്യൻ വംശജരും ദാതാക്കളായി മുന്നോട്ടുവരണമെന്ന് സോണി അഭ്യർഥിച്ചു.











Leave a Reply