ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ വീടുകളുടെ വിലവർധന രണ്ട് വർഷത്തിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒക്ടോബറിൽ വാർഷിക വിലവർധന വെറും 0.5 ശതമാനമായി കുറഞ്ഞു. ഉയർന്ന മോർട്ട്ഗേജ് പലിശനിരക്ക് വീട് വാങ്ങാൻ താൽപര്യമുള്ളവരെ പിന്തിരിപ്പിക്കുന്നതാണ് വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണം. നാഷണൽ വൈഡിന്റെ കണക്കുകൾ പ്രകാരം യുകെയിലെ വീടിന്റെ ശരാശരി വില 2,73,566 പൗണ്ടാണ്. സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 0.8 ശതമാനം വാർഷിക വളർച്ചയിൽനിന്നാണ് ഈ ഇടിവ്.

വായ്പാ ചെലവ് വർധിച്ചതോടെ വീട് വാങ്ങുന്നവർ കൂടുതൽ പ്രതിസന്ധിയിലായി. മൂന്ന് വർഷത്തിനിടെ ആദ്യമായി അഞ്ച് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് പലിശനിരക്ക് ആറ് ശതമാനത്തിനടുത്തെത്തി. നിലവിൽ ഇത് 5.99 ശതമാനവും രണ്ട് വർഷത്തെ ഫിക്സഡ് റേറ്റ് 5.97 ശതമാനവുമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനത്തിൽ തുടരുകയാണെങ്കിലും ബോണ്ട് വിപണിയിലെ അസ്ഥിരത മോർട്ട്ഗേജ് പലിശ ഉയരാൻ കാരണമായി. മിഡിൽ ഈസ്റ്റിലെ സംഘർഷം പണപ്പെരുപ്പ ആശങ്കകൾ വർധിപ്പിച്ചതായും പലിശനിരക്ക് വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്നും നാഷണൽവൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ ചൂണ്ടിക്കാട്ടി. പുതിയ വീട് വാങ്ങുന്നവരുടെ അന്വേഷണങ്ങൾ കുറഞ്ഞതും ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഇടിഞ്ഞതും വിപണിയെ കൂടുതൽ ദുർബലമാക്കുന്നു.

അതിനിടെ, ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാൻ 4.7 ബില്യൺ പൗണ്ടിന്റെ ‘യുവർ ഫസ്റ്റ് ഹോം’ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ സാമ്പത്തിക സഹായം ലഭിക്കാത്തവർക്ക് വീട് സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ മോർട്ട്ഗേജ് പലിശയിലെ വർധന സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളെക്കാൾ വലിയ തിരിച്ചടിയാണെന്ന് നൈറ്റ് ഫ്രാങ്കിന്റെ വിദഗ്ധർ വിലയിരുത്തുന്നു. പുതിയ പദ്ധതി വിപണിക്ക് നേരിയ ഉണർവ് നൽകിയേക്കാമെങ്കിലും അടുത്ത വർഷവും വീടുകളുടെ വിലയിൽ കാര്യമായ വളർച്ചയുണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.











Leave a Reply