കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിൽ 21 വയസ്സുകാരനെ ഊഞ്ഞാലിന്റെ ചങ്ങല കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെമ്പറക്കി അരിമ്പശ്ശേരി സ്വദേശികളായ പി.എം. അബ്ദുൽ കരീമിന്റെയും ഷംലയുടെയും മകൻ ഫർഹാനാണ് മരിച്ചത്. പ്രമുഖ യൂട്യൂബറുടെ ക്യാമറാമാനായി ജോലി ചെയ്തുവരികയായിരുന്നു യുവാവ്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിനിയായ സുഹൃത്തിനൊപ്പമാണ് ഫർഹാൻ പാർക്കിലെത്തിയത്.
പാർക്കിൽവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് പ്രാഥമിക വിവരം. തുടർന്ന് പ്രകോപിതനായ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങല കഴുത്തിൽ കുരുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവം കണ്ട സുഹൃത്ത് പരിഭ്രാന്തയായി റോഡിലൂടെ പോയവരോട് സഹായം തേടുകയും സമീപത്ത് താമസിക്കുന്ന സുഹൃത്തുക്കളെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടവന്ത്ര പോലീസ് ചങ്ങലയിൽനിന്ന് മൃതദേഹം പുറത്തെടുത്തു.
ഫർഹാനൊപ്പമുണ്ടായിരുന്ന യുവതി കൊച്ചിയിലെ സ്വകാര്യ കോസ്മെറ്റോളജി ക്ലിനിക്കിലെ ജീവനക്കാരിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കടവന്ത്ര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനും നിയമനടപടികൾക്കും ശേഷം മൃതദേഹം സംസ്കരിച്ചു.











Leave a Reply