ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് നന്ദി പ്രകടനം. ഒരു വാഹനം നമ്മെ മറികടക്കാൻ അനുവദിച്ചാലോ, റോഡിൽ നിന്ന് തിരിയുമ്പോൾ നിർത്തി തന്ന് സൗകര്യം ഒരുക്കുമ്പോഴോ ഒക്കെ നന്ദി പറയുന്നവരാണ് നാം. നന്ദി പ്രകടനം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് നല്ലത് തന്നെ. എന്നാൽ, റോഡിലെ നന്ദി പ്രകടനം നിയമലംഘനമാണ്. കൈ ഉയര്‍ത്തി നന്ദി പ്രദര്‍ശിപ്പിക്കുക, ബാക്ക് ലൈറ്റ് പെട്ടെന്ന് ഫ്ലാഷ് ചെയ്യുക തുടങ്ങിയവയാണ് നന്ദി പ്രകടനത്തിനുള്ള മാർഗങ്ങൾ.

എന്നാൽ, ഇപ്രകാരം ചെയ്യുന്നത് ഹൈവേ കോഡിന്റെ ലംഘനമാണ്. ഇപ്രകാരം ചെയ്ത് പിടിക്കപ്പെട്ടാൽ ആയിരം പൗണ്ട് പിഴ നൽകേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റ് പെനാൽറ്റി ലഭിക്കും. നാഷണല്‍ ടയേഴ്‌സ് നടത്തിയ സര്‍വേയില്‍, ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ബാക്ക്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് നന്ദി പറയുന്നവരാണ് എന്ന് വ്യക്തമായി. എന്നാൽ, ഇത് മിന്നിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് കുറ്റകരമാണ്.

കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താലും പിഴ ലഭിക്കും. 29.1% ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. വാഹനം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്നതാണ് അത് സൂചിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ശിക്ഷ ആയിരം പൗണ്ട് തന്നെ. ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും നന്ദി പ്രകടിപ്പിക്കുന്നവരുണ്ട്. അതും കുറ്റകരമാണ്. ഏതെങ്കിലും അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹസാര്‍ഡ് ലൈറ്റ് തെളിയിക്കരുത് എന്നാണ് നിയമം. ചുരുക്കത്തിൽ, റോഡിലെ നമ്മുടെ നന്ദിപ്രകടനം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഓർക്കുക.