കോട്ടയം: ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ശോഭനകുമാരി (66) ആണ് മരിച്ചത്. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിർ സ്കൂളിലെ മുൻ പ്രധാനാധ്യാപികയായിരുന്നു ശോഭനകുമാരി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.45ഓടെയായിരുന്നു അപകടം.
യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ദമ്പതികൾ വീട്ടുമുറ്റത്ത് എത്തിയപ്പോഴായിരുന്നു സംഭവം. കാറിൽനിന്ന് ശോഭനകുമാരി ഇറങ്ങിയശേഷം വാഹനം പാർക്ക് ചെയ്യുന്നതിനായി മുരളീധരൻ പിള്ള കാർ പിന്നിലേക്ക് എടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ കാർപ്പോർച്ചിന്റെ തൂണിലും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പിലും ഇടിച്ചശേഷം സമീപത്ത് നിൽക്കുകയായിരുന്ന ശോഭനകുമാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ കാറിനടിയിൽപ്പെട്ടു.
സമീപവാസികൾ ചേർന്ന് കാറിനടിയിൽനിന്ന് ശോഭനകുമാരിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ശുഭലക്ഷ്മി, സുജലക്ഷ്മി എന്നിവരാണ് മക്കൾ. അജിത്, പ്രവീൺ എന്നിവർ മരുമക്കളാണ്. സംസ്കാരം പിന്നീട്.











Leave a Reply