സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. ഷർമിള മേരി ജോസഫിനെയും മാറ്റി. പകരം മുഹമ്മദ് ഹനീഷിനെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഷർമിള മേരി ജോസഫിന് ഗതാഗത വകുപ്പിന്റെ ചുമതല നൽകി.
പ്രധാന വകുപ്പുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ ചുമതലയിലേക്ക് മാറ്റി. ആഭ്യന്തരവകുപ്പ് ചുമതല വഹിച്ചിരുന്ന മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. പുനീത് കുമാറിന് വൈദ്യുതി വകുപ്പിന്റെ ചുമതലയും നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. എം. ബീന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന അനുപമ ടി.വിയെ ധനകാര്യവകുപ്പിലേക്കും മാറ്റി.
വിവിധ വകുപ്പുകളിലായി ആകെ 35 ഐ.എ.എസ്. ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. കൃഷി, തൊഴിൽ, ടൂറിസം, ഉന്നത വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ വകുപ്പുകളിലും മാറ്റങ്ങളുണ്ട്. പി.ബി. നൂഹിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ജഫർ മാലിക്കിനെ സംസ്ഥാന ജി.എസ്.ടി. കമ്മീഷണറായും നിയമിച്ചു. കെ.എസ്.ഇ.ബി., ആരോഗ്യം, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന മേഖലകളിലെ നേതൃത്വമാറ്റം ഭരണതലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്. നവംബർ രണ്ടിന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്.











Leave a Reply