പാലക്കാട്: മുതലമട ഒന്നാം ലോക്കൽ കമ്മിറ്റി ഓഫിസിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് സിപിഎം നേതാക്കളെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ റഷീദ്, സൂര്യപ്രകാശ് എന്നിവർക്കെതിരെയാണ് നടപടി. പാർട്ടി ഓഫിസിനുള്ളിൽ ബ്രിജേഷിന്റെ നേതൃത്വത്തിൽ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മദ്യപാനം ചോദ്യം ചെയ്യാനെത്തിയ പ്രവർത്തകരുമായി നേതാക്കൾ വാക്കുതർക്കത്തിലേർപ്പെടുകയും സംഭവം കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
മദ്യപാനം ചോദ്യം ചെയ്ത പ്രവർത്തകരെ ലോക്കൽ സെക്രട്ടറി ബ്രിജേഷ് പിടിച്ചുതള്ളുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം കെ. സിയാവുദ്ദീൻ, ലോക്കൽ കമ്മിറ്റി അംഗം കെ. വിനേഷ് എന്നിവരുൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം. ചോദ്യം ചെയ്ത പ്രവർത്തകരോട് തന്റെ സ്വകാര്യ മുറിയാണെന്നും അവിടെ എന്തും ചെയ്യാമെന്നുമായിരുന്നു ബ്രിജേഷിന്റെ മറുപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പാർട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമായി.
വിവാദം രൂക്ഷമായതിനു പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. ചെന്താമരാക്ഷന്റെ നേതൃത്വത്തിലാണ് മൂന്ന് പേർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാർട്ടി ഓഫിസിനുള്ളിൽ നടന്ന സംഭവം പ്രാദേശിക തലത്തിൽ സിപിഎമ്മിന് വലിയ നാണക്കേടായിട്ടുണ്ട്. പാർട്ടി അച്ചടക്കവും പ്രവർത്തകരുടെ പെരുമാറ്റവും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വഴിവെച്ചിരിക്കുകയാണ്.











Leave a Reply