ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (Met Office) മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും കിഴക്കൻ വെയിൽസിലും മൂടൽമഞ്ഞ് യാത്രക്കാരെ ദുരിതത്തിലാക്കുമെന്നാണ് മുന്നറിയിപ്പ്. മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ക്‌ഷയർ, ഹംബർ, ചെഷയർ തുടങ്ങിയ പ്രദേശങ്ങളിലും വടക്കുകിഴക്കൻ വെയിൽസിലെ ചില കൗണ്ടികളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച മുന്നറിയിപ്പ് ചൊവ്വാഴ്ച രാവിലെ പത്തുവരെ തുടരും. ചിലയിടങ്ങളിൽ കാഴ്ചപരിധി 100 മീറ്ററിൽ താഴെയാകാനും സാധ്യതയുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂടൽമഞ്ഞിനെ തുടർന്ന് തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തിൽ 40 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ശനിയാഴ്ച രാത്രി ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് വലിയ വാഹനാപകടങ്ങൾക്ക് കാരണമായി. കെന്റിലെ എം20 പാതയിൽ 30 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഹാംഷെയറിലെ എ303 പാതയിൽ 19 വാഹനങ്ങൾ ഉൾപ്പെട്ട അപകടവും ഉണ്ടായി. ചൊവ്വാഴ്ച രാവിലെയും യാത്രാതടസ്സം തുടരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മൂടൽമഞ്ഞ് ക്രമേണ മാറുമെങ്കിലും ചില പ്രദേശങ്ങളിൽ പകൽ മുഴുവൻ തുടരാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച വൈകിട്ടോടെ ഇംഗ്ലണ്ടിലും വെയിൽസിലും മഴയും ശക്തമായ കിഴക്കൻ കാറ്റും അനുഭവപ്പെടുന്നതോടെ ബുധനാഴ്ച മൂടൽമഞ്ഞിന് സാധ്യത കുറയും. എന്നാൽ സ്കോട്ട് ലൻഡിലും വടക്കൻ അയർലൻഡിലും മൂടൽമഞ്ഞ് രൂപപ്പെടാം. ആഴ്ചയുടെ അവസാനത്തോടെ ആർട്ടിക് മേഖലയിൽനിന്നുള്ള തണുത്ത വടക്കൻ കാറ്റ് വീശുന്നതോടെ വ്യാപകമായ മൂടൽമഞ്ഞിനുള്ള സാധ്യത കുറയുമെന്നാണ് പ്രവചനം. അതേസമയം, രാവിലെ മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെടാം. യാത്രയ്ക്കു മുമ്പ് റോഡുകളിലെയും പൊതുഗതാഗത സംവിധാനങ്ങളിലെയും പുതിയ വിവരങ്ങൾ പരിശോധിക്കണം. കാഴ്ചപരിധി കുറയുമ്പോൾ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വിമാനയാത്രക്കാർ സർവീസ് വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.