സ്ലോ: സ്ലോ ഹിന്ദു ക്ഷേത്രത്തിൽ നവംബർ 21ന് അയ്യപ്പ പൂജയും ഭക്തിനിർഭരമായ വിവിധ ആചാരാനുഷ്ഠാനങ്ങളും സംഘടിപ്പിക്കുന്നു. വൈകുന്നേരം 3.30 മുതൽ ആരംഭിക്കുന്ന ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കവയിത്രി മീര കമലയും, ചലച്ചിത്ര നടനും കലാകാരനും സംവിധായകനുമായ മനോജ് ശിവയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും.
പുരോഹിതൻ ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൂജകൾ വിനായക പൂജയോടെ ആരംഭിക്കും. തുടർന്ന് ഭജന, വിളക്ക് പൂജ, പുഷ്പാഞ്ജലി, പടിപൂജ, ദീപാരാധന എന്നീ വിശേഷാൽ ചടങ്ങുകൾ നടക്കും. ഭക്തിസാന്ദ്രമായ ചടങ്ങുകൾ അയ്യപ്പ സ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ സമാപിക്കും.

പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള ഭജനസംഘമായ തത്വമസി അയ്യപ്പ ഭജൻസ് പരമ്പരാഗത അയ്യപ്പ ഭജനകൾ അവതരിപ്പിക്കും. ഭക്തിനിർഭരമായ ഈ ഭജനസന്ധ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
മിനി, സ്മിത, രഞ്ജിത ചോവല്ലൂർ, സതീഷ് നായർ, അഭിലാഷ് കുമാർ, മനോജ് മാധവൻ, സായി അയ്യർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.
അയ്യപ്പ ഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷത്തിൽ സ്ലോയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ അയ്യപ്പ ഭക്തരെയും കുടുംബസമേതം പങ്കുചേരാൻ സംഘാടകർ സ്നേഹപൂർവം ക്ഷണിച്ചു.
Contact: 07728544849











Leave a Reply