ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 25, 26 തീയതികളിൽ നടത്താനിരുന്ന 48 മണിക്കൂർ സമരം ഇംഗ്ലണ്ടിലെ കൺസൾട്ടന്റ് ഡോക്ടർമാർ പിൻവലിച്ചു. ആരോഗ്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനുമായി (BMA) ചർച്ചകൾക്ക് തയ്യാറായതോടെയാണ് സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഒന്നര വർഷത്തിലേറെ നീണ്ട സർക്കാർ ചർച്ചകളിൽ ആവശ്യങ്ങളിൽ ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഡോക്ടർമാർ സമരത്തിന് തീരുമാനിച്ചിരുന്നത്. സമരം നടന്നിരുന്നെങ്കിൽ അടിയന്തര ചികിത്സകൾ മാത്രമായിരിക്കും ലഭ്യമാകുക. ഇതോടെ സാധാരണ ചികിത്സകളും ശസ്ത്രക്രിയകളും ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009-10 മുതൽ പണപ്പെരുപ്പം കണക്കിലെടുത്തുള്ള യഥാർത്ഥ ശമ്പളമൂല്യത്തിൽ 25 ശതമാനം ഇടിവുണ്ടായെന്നും ജോലി സമയം 10 ശതമാനം കുറയ്ക്കണമെന്നുമാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. ഈ വർഷം 3.5 ശതമാനം ശമ്പള വർധന ലഭിച്ചെങ്കിലും കഴിഞ്ഞ 17 വർഷത്തിനിടെ ശമ്പളത്തിന്റെ യഥാർത്ഥ മൂല്യം നാലിലൊന്നോളം കുറഞ്ഞതായി ബിഎംഎ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2026-27 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 3.5 ശതമാനത്തിന് പുറമെ കൂടുതൽ ശമ്പള വർധന നൽകാനാവില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ചർച്ചയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചതായി ബിഎംഎ അറിയിച്ചു. അടുത്ത ആഴ്ച ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

സമരം ഒഴിവാക്കാനുള്ള ഡോക്ടർമാരുടെ തീരുമാനം രോഗികൾക്കും എൻഎച്ച്എസിനും ആശ്വാസമാണെന്ന് ആരോഗ്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പ്രതികരിച്ചു. ശൈത്യകാലത്ത് ആശുപത്രികളിൽ ചികിത്സാ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സമരം ഒഴിവായത് വലിയ ആശ്വാസമാകുമെന്ന് എൻഎച്ച്എസ് അധികൃതരും വ്യക്തമാക്കി. എന്നാൽ ശമ്പള വർധന സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ചർച്ചകൾ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഓവർടൈമും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ കൺസൾട്ടന്റ് ഡോക്ടർമാരുടെ ശരാശരി വാർഷിക വരുമാനം ഏകദേശം 1.52 ലക്ഷം പൗണ്ടാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്ന തരത്തിലുള്ള ധാരണയിലെത്തിയില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് ബിഎംഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.