മലപ്പുറം: വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഇതിനിടെ വൈദ്യുതി പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പി ഹൈവോൾട്ടേജ് വൈദ്യുതി ലൈനുമായി സമ്പർക്കത്തിലായതാണ് അപകടത്തിന് കാരണമായത്.
ഷോക്കേറ്റ ജുനൈദിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സ്റ്റേ കമ്പിയുടെ ഒരു ഭാഗം ഹൈവോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ജുനൈദിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയ നാട്ടുകാർ കെഎസ്ഇബിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. അപകടകരമായ നിലയിലുണ്ടായിരുന്ന വൈദ്യുതി സംവിധാനത്തിലെ തകരാർ സമയബന്ധിതമായി പരിഹരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.











Leave a Reply