കൽപ്പറ്റ: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് മേപ്പയൂർ ആവള മണമ്മൽ വീട്ടിൽ ലത്തീഫ് (45) ആണ് കൽപ്പറ്റ പൊലീസിന്റെ പിടിയിലായത്. ‘സഫ്ന’ എന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചായിരുന്നു തട്ടിപ്പ്. കുട്ടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട് വയനാട് പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി അയച്ചതോടെയാണ് തട്ടിപ്പിന് തുടക്കമായത്.

വിദേശത്ത് സിവിൽ എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ സഫ്ന, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സഫ്നയുടെയും സുഹൃത്തായ ലത്തീഫിന്റെയും പേരിൽ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് വിശ്വാസം നേടിയെടുത്തു. സഫ്ന യഥാർഥത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച ശേഷം ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ പല ഘട്ടങ്ങളിലായി ഗൂഗിൾ പേ, ബാങ്ക് അക്കൗണ്ട് എന്നിവ വഴി 15,07,850 രൂപ കൈക്കലാക്കി. വീണ്ടും 50,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന് സംശയം തോന്നിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ 19ന് കൽപ്പറ്റ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സഫ്നയുടെ വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. നവംബർ 14ന് ആവളയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാനമായ തട്ടിപ്പുകേസുകളിൽ നേരത്തെയും ലത്തീഫ് പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2023ൽ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പരിധിയിൽ ‘നദീറഷാൻ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് ക്യാൻസർ ചികിത്സയ്ക്കെന്ന പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും സമാന തട്ടിപ്പ് നടത്തിയത്. കൂടാതെ മേപ്പയൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ട്.