ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി കുറഞ്ഞു. സെപ്റ്റംബറിൽ നിരക്ക് 4.6 ശതമാനമായി താഴ്ന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ ഇത് 4.7 ശതമാനവും വർഷത്തിന്റെ തുടക്കത്തിൽ അഞ്ച് ശതമാനവുമായിരുന്നു. എന്നാൽ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായത് ആശങ്കയാകുന്നു. ഒക്ടോബറിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണം 6.90 ലക്ഷമായി കുറഞ്ഞു. കോവിഡ് മഹാമാരിക്കുശേഷം 13 ലക്ഷത്തിലേറെയായിരുന്ന തൊഴിലവസരങ്ങളാണ് ഇപ്പോൾ 2014നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വളർച്ചയും പുതിയ നിയമനങ്ങളിൽനിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുന്നതായാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവാക്കളുടെ തൊഴിലില്ലായ്മയാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. 18നും 24നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമാണ്. രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. ഇതിനിടെ, ബോണസ് ഒഴികെയുള്ള വേതനവർധനയും 3.7 ശതമാനത്തിൽനിന്ന് 3.5 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പവും 3.5 ശതമാനത്തിൽ തുടരുന്നതിനാൽ സാധാരണ തൊഴിലാളികളുടെ യഥാർഥ വരുമാനവർധന ഇല്ലാതാകുകയോ നെഗറ്റീവ് നിലയിലേക്ക് താഴുകയോ ചെയ്യുമെന്ന ആശങ്കയുണ്ട്. തൊഴിലുടമകൾക്കുള്ള ദേശീയ ഇൻഷുറൻസ് വിഹിതം വർധിപ്പിച്ചതും മിനിമം വേതനത്തിലെ വർധനയും ജീവനക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമപരിഷ്കാരങ്ങളും കമ്പനികളുടെ ചെലവ് ഉയർത്തിയതായി വ്യവസായ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എഐ ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും തൊഴിൽ വിപണിയെ ബാധിക്കുന്നുണ്ട്.

യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട അലൻ മിൽബേൺ റിപ്പോർട്ട് സർക്കാർ ഇന്ന് പുറത്തുവിടാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. തൊഴിൽരഹിതരായ യുവാക്കളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സമീപനത്തിൽ സമഗ്രമായ മാറ്റം വേണമെന്ന് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. അതേസമയം, യുവാക്കൾക്ക് തൊഴിൽപരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി 250 കോടി പൗണ്ടിന്റെ പദ്ധതിയിലൂടെ പത്തുലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുമെന്ന് തൊഴിൽ – പെൻഷൻ വകുപ്പ് അറിയിച്ചു. തൊഴിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തി വ്യക്തിഗത തൊഴിൽ – നൈപുണ്യ മാർഗനിർദേശം നൽകാനും സർക്കാർ ലക്ഷ്യമിടുന്നു. തൊഴിലില്ലായ്മ കുറയുന്നുണ്ടെങ്കിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളി തുടരുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.