ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട് മോട്ടോർ വേകളുടെ പിന്നിലെ സാങ്കേതികവിദ്യകൾ സ്ഥിരമായി പണിമുടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നിർണ്ണായകമായ സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തനരഹിതമായതിന്റെ നൂറുകണക്കിന് സംഭവങ്ങൾ ആണ് വെളിച്ചത്ത് വന്നത്. സ്മാർട്ട് മോട്ടോർ വേകളിലെ ഗതാഗതത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനും സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.


സ്മാർട്ട് മോട്ടോർ വേകളിലെ പല റഡാറുകളും ക്യാമറകളും തകരാറിലായതുമൂലം ബ്രേക്ക് ഡൗൺ ആയ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശരിയായ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. 2022 ജൂണിനും 2024 ഫെബ്രുവരിക്കും ഇടയിൽ സ്മാർട്ട് മോട്ടോർ വേകളിൽ പവർ നഷ്ടമായതിനോട് അനുബന്ധിച്ച് ഒട്ടേറെ പ്രശ്നങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023 ജൂലൈ അഞ്ച് ദിവസത്തേയ്ക്ക് എം 6-ൽ ജംഗ്ഷൻ 18 -ൽ സിഗ്നലുകളോ, ക്യാമറയോ റഡാറോ ഇല്ലായിരുന്നു.


സുഗമമായ സഞ്ചാരത്തിനും പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായി സ്മാർട്ട് മോട്ടോർ വേകൾ യുകെയിൽ ആരംഭിച്ചത് 2000- ത്തിന്റെ തുടക്കത്തിലാണ്. തിരക്ക് അനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന മോട്ടോർ വേകൾ യുകെയുടെ ഗതാഗത സംവിധാനത്തിന് വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. ചിലവും മറ്റ് സുരക്ഷാപ്രശ്നങ്ങളും കാരണം പുതിയ സ്മാർട്ട് മോട്ടോർ വേകൾ നടപ്പിലാക്കാൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള മോട്ടോർ വേകൾ സുരക്ഷിതമാക്കാനുള്ള സാങ്കേതികവിദ്യയ്ക്കായി 900 മില്യൺ പൗണ്ട് ചെലവഴിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.