ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 3.6 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 3.5 ശതമാനമായിരുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യത്തെ തുടർന്നുണ്ടായ ആഗോള എണ്ണവില വർധനയും പെട്രോൾ, ഡീസൽ വിലയിലെ കുതിപ്പുമാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പെട്രോൾ വില ലിറ്ററിന് 174.7 പെൻസായി ഉയർന്നു. ഡീസൽ വില ഏഴ് പെൻസിന്റെ വർധനയോടെ 199.5 പെൻസിലെത്തി. 1996ൽ രേഖപ്പെടുത്തൽ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഡീസൽ വിലയാണിത്.

ജീവിതച്ചെലവ് വീണ്ടും ഉയരുന്നത് ബ്രിട്ടനിലെ കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ശൈത്യകാലം അടുത്തിരിക്കെ ഗ്യാസ്, വൈദ്യുതി നിരക്കുകളിലെ വർധനയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കൂട്ടുന്നു. വിലക്കയറ്റം നേരിടാൻ 2 കോടി കുടുംബങ്ങൾക്ക് 100 പൗണ്ട് വീതം സാമ്പത്തിക സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിൽ ഈ തുക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും. അതേസമയം, അടുത്ത വർഷം പണപ്പെരുപ്പം അഞ്ച് ശതമാനത്തിനടുത്തേക്ക് ഉയർന്നേക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് വീണ്ടും ഉയർത്തേണ്ടിവരുമെന്നും ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഭക്ഷ്യവിലയിലെ വർധനയിൽ നേരിയ ആശ്വാസമുണ്ട്. സെപ്റ്റംബറിൽ 1.3 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 0.9 ശതമാനമായി കുറഞ്ഞു. എന്നാൽ ഇന്ധനവിലയും ഊർജച്ചെലവും ഉയരുന്നത് വരും മാസങ്ങളിലും കുടുംബങ്ങളുടെ ചെലവിനെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജനുവരി മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആഗോള സംഘർഷങ്ങളും എണ്ണവിലയിലെ മാറ്റങ്ങളും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.











Leave a Reply