ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ മുൻ അധ്യാപിക സാലി-ആൻ ബോവനെ (65) ശിക്ഷാവിധി കേൾക്കാൻ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 1980-കളുടെ അവസാനത്തിൽ വടക്കൻ ലണ്ടനിലെ ഫിഞ്ച്ലിയിലുള്ള ക്രൈസ്റ്റ്സ് കോളജിൽ രസതന്ത്ര അധ്യാപികയായിരുന്ന കാലത്താണ് ഇവർ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ ഏഴ് കുറ്റങ്ങളിലാണ് ഓഗസ്റ്റിൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.
അധ്യാപികയ്ക്ക് ഇരുപത് വയസ്സിൻ്റെ മധ്യത്തിൽ പ്രായമുള്ളപ്പോഴാണ് 14-നും 15-നും ഇടയിൽ പ്രായമുള്ള രണ്ട് വിദ്യാർഥികളെ ദുരുപയോഗം ചെയ്തത്. ഇതിൽ ഒരാളുമായി പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും മറ്റൊരു വിദ്യാർഥിയെ ചുംബിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായും വിചാരണയിൽ തെളിഞ്ഞു. അധ്യാപികയുമായുള്ള ബന്ധം തന്റെ വിദ്യാഭ്യാസജീവിതം തകർത്തുവെന്ന് ഇരകളിലൊരാൾ കോടതിയിൽ മൊഴി നൽകി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ബോവന്റെ വാദം. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടിരുന്ന ഇവർ വെള്ളിയാഴ്ച ഹാരോ ക്രൗൺ കോടതിയിൽ ശിക്ഷാവിധിക്കായി ഹാജരാകേണ്ടതായിരുന്നു.
എന്നാൽ കോടതിയിൽ എത്താതിരുന്നതിനെ തുടർന്ന് ജഡ്ജി കരീം ഇസത്ത് ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹെർട്ട്ഫോർഡ്ഷയറിലെ ഹെമൽ ഹെംപ്സ്റ്റെഡിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാംഷെയറിലെ മറ്റൊരു സ്ഥലത്തുനിന്ന് വൈകിട്ട് മൂന്നോടെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാകാത്തതുമായി ബന്ധപ്പെട്ട സംശയത്തിലാണ് അറസ്റ്റ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും പുതിയ ശിക്ഷാവിധി തീയതി കോടതി പിന്നീട് നിശ്ചയിക്കുമെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.











Leave a Reply