ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ബർമിങ്ങാം വിമാനത്താവളത്തിന് സമീപം എം42 മോട്ടോർവേയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് റോഡിന്റെ ഒരു ഭാഗം അടച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് പിക്കപ്പ് ട്രക്കും വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചതായും വലിയ തീഗോളങ്ങൾ കണ്ടതായും യാത്രക്കാർ പറഞ്ഞു. അപകടത്തെത്തുടർന്ന് വടക്കോട്ടുള്ള പാതയിൽ ജങ്ഷൻ 5A-യ്ക്കും ജങ്ഷൻ 6-നും ഇടയിലുള്ള ഭാഗമാണ് പൊലീസ് അടച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അന്വേഷണത്തിനു ശേഷം അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും റോഡിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കുകയും വേണം. അതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂവെന്ന് നാഷണൽ ഹൈവേസ് അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ പ്രദേശം ഒഴിവാക്കി ബദൽ പാതകൾ തിരഞ്ഞെടുക്കണമെന്നും യാത്രയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഗതാഗത നിയന്ത്രണത്തിനായി നാഷണൽ ഹൈവേസ് ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുകയാണ്.