ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുങ്ങുന്നു. അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ദർശന സ്ലോട്ടുകൾ ബുക്ക് ചെയ്ത് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിങ് സോഫ്റ്റ്‌വെയറിൽ അടിമുടി മാറ്റം വരുത്തും. ബുക്ക് ചെയ്ത ദിവസം ദർശനത്തിനെത്താത്തവർക്കും ബുക്കിങ് റദ്ദാക്കാതെ സ്ലോട്ട് നഷ്ടപ്പെടുത്തുന്നവർക്കും മണ്ഡലകാലത്ത് പിന്നീട് പുതിയ ബുക്കിങ് അനുവദിക്കില്ലെന്നാണ് പ്രധാന നിർദേശം.

അതേസമയം, ബുക്ക് ചെയ്ത ദിവസം എത്താൻ കഴിയാത്ത തീർഥാടകർക്ക് മറ്റൊരു ദിവസത്തേക്ക് സമയം മാറ്റുന്നതിനും ബുക്കിങ് റദ്ദാക്കുന്നതിനും സൗകര്യമുണ്ടാകും. ഈ മണ്ഡലകാലത്ത് തന്നെ പുതിയ മാറ്റങ്ങൾ നടപ്പാക്കാനാണ് അധികൃതരുടെ നീക്കം. കൂട്ടത്തോടെയുള്ള വ്യാജ ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ആധാർ അധിഷ്ഠിത ഒടിപി പരിശോധന ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർഥാടകനും സ്വന്തം ആധാർ നമ്പർ നൽകി, അതുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി പരിശോധിച്ച ശേഷമേ ഇനി വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ തീർഥാടകന്റെയും വെർച്വൽ ക്യൂ ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് ഉൾപ്പെടുത്തി പമ്പയിലോ നിലയ്ക്കലോ പരിശോധന നടത്താനും ആലോചനയുണ്ട്. എന്നാൽ ഈ സംവിധാനം ഉടൻ നടപ്പാക്കില്ല. ദർശനത്തിനുള്ള സ്ലോട്ടുകൾ യഥാർഥ തീർഥാടകർക്ക് ലഭ്യമാക്കുകയും ടിക്കറ്റ് കരിഞ്ചന്ത തടയുകയും ചെയ്യുന്നതിലൂടെ വെർച്വൽ ക്യൂ ബുക്കിങ് കൂടുതൽ സുതാര്യമാക്കാനാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും ശ്രമം.