ഗൾഫ് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കി ബഹ്‌റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം. ശനിയാഴ്ച സിത്ര മേഖലയിലെ സിവിൽ വ്യവസായശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഫാക്ടറിക്ക് തീപിടിച്ചു. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് വിഭാഗം പ്രവർത്തനം തുടരുകയാണ്. അടിയന്തര സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്‌റൈനിലെ നാല് യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇതിനായി ഉപയോഗിച്ചത്. ശൈഖ് ഈസ, ജുഫൈർ എന്നിവയുൾപ്പെടെയുള്ള നാല് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ നിരവധി ആക്രമണങ്ങൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹ്‌റൈൻ ഭരണകൂടം വ്യക്തമാക്കി. ആക്രമണത്തിനിടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ ഗൾഫ് മേഖലയിലാകെ വ്യാപിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. ബഹ്‌റൈനിലെ സംഭവങ്ങൾക്ക് പിന്നാലെ ദക്ഷിണ ഇറാനിലെ സിരിക് മേഖലയിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ സ്ഫോടനങ്ങളുടെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗൾഫ് മേഖലയിലെ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നത് മേഖലയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.