ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ യുവതലമുറയിൽ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി പഠനറിപ്പോർട്ട്. 16 മുതൽ 24 വയസ്സുവരെയുള്ളവരിൽ മൂന്നിലൊന്ന് പേരും ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് പുതിയ സർവേയിലെ കണ്ടെത്തൽ. 12 വർഷം മുമ്പ് ഇത് അഞ്ചിൽ ഒരാൾ മാത്രമായിരുന്നു. അതേസമയം, ഈ പ്രായവിഭാഗത്തിലെ പകുതിയോളം പേർ മൊബൈൽ ഫോണിലൂടെ ലൈംഗികസ്വഭാവമുള്ള ചിത്രങ്ങൾ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. യുവതികളിൽ പകുതിയും യുവാക്കളിൽ 86 ശതമാനവും അശ്ലീല ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതലമുറയിൽ ലൈംഗികബന്ധങ്ങളോടുള്ള താൽപര്യം കുറയുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മദ്യപാനത്തിലെ കുറവ്, മാതാപിതാക്കളോടൊപ്പം വീട്ടിൽ താമസിക്കുന്ന യുവാക്കളുടെ വർധന, മാനസികാരോഗ്യ പ്രശ്നങ്ങൾ, കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമൂഹിക അകലം തുടങ്ങിയവ ഇതിന് കാരണമായിരിക്കാം. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സമ്മതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ തുറന്ന ചർച്ചകൾ നടക്കുന്നതും യുവാക്കൾ സ്വന്തം തീരുമാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും സ്വാധീനിച്ചിരിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 45 വയസ്സിന് താഴെയുള്ളവരിലും ലൈംഗികബന്ധങ്ങളുടെ ആവൃത്തി കുറഞ്ഞിട്ടുണ്ട്. 1990-ൽ ശരാശരി ആഴ്ചയിൽ ഒരിക്കലായിരുന്നെങ്കിൽ ഇപ്പോൾ രണ്ടാഴ്ചയിലൊരിക്കലായി കുറഞ്ഞു.

ബ്രിട്ടനിലെ 6,700 പേരെ ഉൾപ്പെടുത്തി നടത്തിയ നാലാമത് നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ആറ്റിറ്റ്യൂഡ്സ് ആൻഡ് ലൈഫ്‌സ്റ്റൈൽസ് (Natsal) പഠനഫലങ്ങളാണ് പുറത്തുവന്നത്. മുതിർന്നവരിൽ നാലിൽ മൂന്ന് പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ജീവിതകാലത്തെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം അഞ്ചാണ്. അതേസമയം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം യുവതികളിൽ കുറഞ്ഞുവരുന്നതായും കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്ന സ്ത്രീകളുടെ എണ്ണം പത്തുവർഷത്തിനിടെ ഇരട്ടിയായതായും പഠനം പറയുന്നു. 16 മുതൽ 44 വയസ്സുവരെയുള്ള സ്ത്രീകളിൽ കുട്ടികൾ വേണ്ടെന്നു പറയുന്നവരുടെ അനുപാതം എട്ടിൽ നിന്ന് 17 ശതമാനമായി ഉയർന്നു. സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാ ആശങ്കകൾ, മാറിവരുന്ന ജീവിത മുൻഗണനകൾ എന്നിവയും ഈ മാറ്റത്തിന് പിന്നിലുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.