ശബരിമലയിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തശേഷം റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകാൻ എട്ടു മണിക്കൂർ കഴിയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കി മറ്റുള്ളവർക്ക് ലഭ്യമാക്കുന്ന ആസൂത്രിത നീക്കങ്ങൾ തടയുകയാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നവംബർ 24 രാത്രി മുതൽ പുതിയ സംവിധാനം നിലവിൽ വന്നു.
മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ ക്രമീകരണങ്ങൾ തൃപ്തികരമാണെന്നും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബർ 23ന് 75,000 തീർഥാടകരാണ് ദർശനത്തിനെത്തിയത്. നവംബർ 24ന് 80,000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പനെ കാണാനെത്തുന്ന ഒരു ഭക്തനെയും തിരിച്ചയക്കില്ലെന്നും വിർച്വൽ ക്യൂ അല്ലെങ്കിൽ സ്പോട്ട് ബുക്കിങ് വഴി എത്തണമെന്നു മാത്രമാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ നിലവിലുള്ള സ്പോട്ട് ബുക്കിങ് പരിധിയായ 5,000 എണ്ണം കൂടി വർധിപ്പിക്കുമെന്നും അറിയിച്ചു.
നിലയ്ക്കലിൽ ഒരേസമയം 12,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും തീർഥാടകരുടെ യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി സർക്കുലർ സർവീസുകൾ വർധിപ്പിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത ബോധവൽക്കരണത്തിലൂടെ വലിയ തോതിൽ കുറയ്ക്കാനായതായും പ്രസിഡന്റ് പറഞ്ഞു. അപ്പാച്ചിമേട്ടിലെ നവീകരിച്ച തീർഥാടക വിശ്രമകേന്ദ്രം ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യും. സന്നിധാനത്ത് അപ്പം, അരവണ എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply