ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് ഷോപ്പിങ്ങിനായി തിരക്കേറിയ കടകളിൽ ക്യൂ നിൽക്കേണ്ട കാലം മാറുന്നു. ഉപഭോക്താക്കൾക്കുവേണ്ടി ഷോപ്പിങ് ഉൾപ്പെടെയുള്ള ദൈനംദിന ജോലികൾ ഏറ്റെടുക്കാൻ കഴിയുന്ന ‘മ്യൂസ്’ (Muse) എന്ന എ.ഐ. സഹായിയെ ബ്രിട്ടനിൽ അവതരിപ്പിച്ച് മെറ്റ. വാട്‌സ്ആപ്പിലൂടെയും പ്രത്യേക ആപ്പിലൂടെയും ഉപയോഗിക്കാവുന്ന മ്യൂസിന് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുക, ഇമെയിൽ അയയ്ക്കുക, യാത്രകൾ ബുക്ക് ചെയ്യുക, കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി-ഗ്യാസ് കരാറുകൾ കണ്ടെത്തുക തുടങ്ങിയ ജോലികൾ ചെയ്യാനാകും. അമേരിക്കയിൽ ഇതിനകം ശ്രദ്ധ നേടിയ മ്യൂസ് ദശലക്ഷക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്തതായാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എ.ഐ. സഹായിക്ക് പേരും രൂപവും വ്യക്തിത്വവും നൽകാനും കഴിയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപയോക്താക്കളുടെ അനുമതിയോടെ ഇമെയിൽ, കലണ്ടർ, ഷോപ്പിങ് ആപ്പുകൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് മ്യൂസ് പ്രവർത്തിക്കുന്നത്. മാർക്‌സ് ആൻഡ് സ്പെൻസർ, കറീസ്, സെയിൻസ്ബറീസ്, ഈസിജെറ്റ് തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സ്ഥാപനങ്ങളുമായി മെറ്റ ഇതിനായി ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ ഉപയോക്താവിന്റെ അനുമതിയില്ലാതെ സാധനങ്ങൾ വാങ്ങാനോ ഇമെയിൽ അയയ്ക്കാനോ മ്യൂസിന് കഴിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പാസ്‌വേഡുകളോ പണമടയ്ക്കാനുള്ള വിവരങ്ങളോ ആപ്പിന് കാണാനാകില്ലെന്നും സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കിടില്ലെന്നും മെറ്റ വ്യക്തമാക്കുന്നു. അതേസമയം, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, തട്ടിപ്പ്, ഓൺലൈൻ സുരക്ഷ തുടങ്ങിയ അപകടസാധ്യതകളെക്കുറിച്ച് ബ്രിട്ടനിലെ നിയന്ത്രണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മ്യൂസിന്റെ പ്രവർത്തനത്തിലെ ചില പിഴവുകൾ ജീവനക്കാരുടെ ആഭ്യന്തര പരീക്ഷണത്തിനിടെ കണ്ടെത്തിയതായും അവയിൽ ഭൂരിഭാഗവും പരിഹരിച്ചതായും കമ്പനി അറിയിച്ചു.

മെറ്റയുടെ പുതിയ എ.ഐ. ഗവേഷണ വിഭാഗം വികസിപ്പിച്ച ‘മ്യൂസ് സ്പാർക്ക്’ എന്ന മോഡലാണ് മ്യൂസിന് കരുത്തുപകരുന്നത്. എന്നാൽ മനുഷ്യന്റെ നിർദേശമില്ലാതെ സ്വയം മെച്ചപ്പെടാൻ കഴിയുന്ന അതിശക്തമായ എ.ഐ. സംവിധാനങ്ങൾ ഭാവിയിൽ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മനുഷ്യനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള എ.ഐ. സംവിധാനങ്ങളെ നിയന്ത്രിക്കുക എളുപ്പമാകില്ലെന്ന് മെറ്റയുടെ ചീഫ് എ.ഐ. ഓഫീസർ അലക്സാണ്ടർ വാങ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ പ്രശ്നങ്ങൾ പോലും എ.ഐ. പരിഹരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, എ.ഐ. സുരക്ഷ, സ്വകാര്യത, മനുഷ്യന്റെ നിയന്ത്രണം എന്നിവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.