കണ്ണൂർ: സിപിഎം പ്രവർത്തകനായ ധൻരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്ക് ശിക്ഷ വിധിച്ചത്. ഓരോ പ്രതിയും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി നിർദേശിച്ചു. പിഴത്തുകയായ 15 ലക്ഷം രൂപ ധൻരാജിന്റെ കുടുംബത്തിന് കൈമാറും. കേസിലെ നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു. രണ്ടും മൂന്നും പ്രതികൾ സഹോദരങ്ങളാണ്.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവിന് പുറമെ വിവിധ കുറ്റങ്ങൾക്കായി മൂന്ന് മാസം, ഒരു മാസം, ഒരു വർഷം, നാല് വർഷം എന്നിങ്ങനെ തടവുശിക്ഷകളും കോടതി വിധിച്ചിട്ടുണ്ട്. പ്രതികൾ അഞ്ച് വർഷവും നാല് മാസവും തടവ് അനുഭവിച്ച ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. കേസിലെ ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചതോടെയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. എന്നാൽ ധൻരാജിന്റെ അമ്മയുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തു. സംഭവസമയത്തെ മാനസികാവസ്ഥ പരിഗണിക്കുമ്പോൾ പ്രതികളെ തിരിച്ചറിയുന്നതിൽ ഉണ്ടായ പരിമിതികൾ സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു.
കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. ധൻരാജിന് 37 വെട്ടുകളേറ്റിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി, ഇത് സാധാരണ രാഷ്ട്രീയ സംഘർഷമായി കാണാനാവില്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകുന്നില്ലെങ്കിലും പ്രതികൾക്ക് ശിക്ഷയിൽ ഇളവുണ്ടാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടർ ശ്രീധരൻ പ്രതികരിച്ചു.











Leave a Reply