തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 77കാരനെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാക്കുട്ടി റാവുത്തർ എന്ന രോഗിയുടെ മൃതദേഹമാണ് കാണാതായി ഏകദേശം 36 മണിക്കൂറിന് ശേഷം കണ്ടെത്തിയത്. ഈ മാസം 16നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ വാർഡിൽനിന്ന് കാണാതായതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

അജ്ഞാത രോഗിയായാണ് മാക്കുട്ടി റാവുത്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെന്നും അദ്ദേഹത്തോടൊപ്പം കൂട്ടിരിപ്പുകാരുണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലിജോ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം സംഭവിച്ച് ഏകദേശം 36 മണിക്കൂർ കഴിഞ്ഞിരുന്നതായി വ്യക്തമായത്. മൃതദേഹം ഇത്രയും സമയം ശുചിമുറിയിൽ കിടന്നിട്ടും ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശുചിമുറി ദിവസവും വൃത്തിയാക്കാറുണ്ടെന്നും 20ന് ശുചീകരണം നടത്തിയതായും സൂപ്രണ്ട് വ്യക്തമാക്കി. രോഗിയെ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾ എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ ശ്രമിച്ചിരുന്നു. ശുചിമുറി വൃത്തിയാക്കിയിരുന്നോ എന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ വൃത്തിയാക്കിയെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.