ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ജനുവരി മുതൽ വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ 26 ശതമാനം വർധന. ഊർജവില നിയന്ത്രണ ഏജൻസിയായ ഓഫ്‌ജെം (Ofgem) പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപ് അനുസരിച്ച്, സാധാരണ കുടുംബത്തിന്റെ വാർഷിക ഊർജബിൽ 1,723 പൗണ്ടിൽ നിന്ന് 2,166 പൗണ്ടായി ഉയരും. ഇതോടെ പ്രതിമാസം ശരാശരി 37 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകും. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിലാണ് വർധന പ്രാബല്യത്തിൽ വരുന്നത്. ഊർജ ഉപയോഗത്തിന്റെ അളവനുസരിച്ച് ഓരോ കുടുംബത്തിന്റെയും ബില്ലിൽ വ്യത്യാസമുണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ മൊത്ത ഊർജവില വർധിച്ചതാണ് പുതിയ നിരക്കുവർധനയ്ക്ക് പ്രധാന കാരണമെന്ന് ഓഫ്‌ജെം വ്യക്തമാക്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഊർജവില കുതിച്ചുയർന്നതിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. ശൈത്യകാലത്ത് തണുപ്പ് കൂടുന്നതോടെ വൈദ്യുതിയുടെയും ഗ്യാസിന്റെയും ഉപയോഗം വർധിക്കുന്ന സമയത്താണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പ്രീപേയ്‌മെന്റ് മീറ്റർ ഉപയോഗിക്കുന്നവരെയും വർധന കാര്യമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് കടബാധ്യത കൂടുമെന്നും കൂടുതൽ പേർക്ക് അടിയന്തര സഹായം ആവശ്യമായി വരുമെന്നും സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി.

അതേസമയം, ശൈത്യകാലത്തെ അധിക ചെലവുകൾ നേരിടാൻ ജനുവരി 4 മുതൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ 100 പൗണ്ട് വീതം സഹായം നൽകും. വൈദ്യുതിയുടെ വാറ്റ് ഇളവും തുടരും. ആനുകൂല്യങ്ങൾ ലഭിക്കുന്ന ആറു ദശലക്ഷം കുടുംബങ്ങൾക്ക് വാം ഹോം ഡിസ്‌കൗണ്ട് പദ്ധതിയിലൂടെ 150 പൗണ്ടിന്റെ ഇളവും ലഭിക്കും. എന്നാൽ ഈ സഹായം കൂടുതൽ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. വരാനിരിക്കുന്നത് കടുത്ത ശൈത്യകാലമാണെന്ന് സിറ്റിസൺസ് അഡ്വൈസിന്റെ മേധാവി ഡെയിം ക്ലെയർ മോറിയാർട്ടി മുന്നറിയിപ്പ് നൽകി. ഊർജബിൽ അടയ്ക്കാൻ പ്രയാസപ്പെടുന്നവർ സഹായത്തിനായി വിതരണ കമ്പനികളെ സമീപിക്കണമെന്നും ആവശ്യമായ പിന്തുണ നൽകാൻ കമ്പനികൾക്ക് ബാധ്യതയുണ്ടെന്നും ഓഫ്‌ജെം അറിയിച്ചു.