സോളാർ വൈദ്യുതി ഉത്പാദകരുടെ നിലവിലെ ആനുകൂല്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ. നെറ്റ് മീറ്ററിങ് സംവിധാനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പരിധി നിശ്ചയിക്കാനും പരിധി കഴിഞ്ഞുള്ള വൈദ്യുതി ഉപയോഗത്തിന് പ്രത്യേക ചാർജ് ഈടാക്കാനും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതിന്റെ കരട് കേന്ദ്രം പുറത്തിറക്കി. സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നവർ ബാറ്ററി സംഭരണ സംവിധാനവും നിർബന്ധമായും ഒരുക്കണം. ഇതിന്റെ പരിധി നിശ്ചയിക്കാനുള്ള അധികാരവും സംസ്ഥാന കമ്മിഷനുകൾക്കായിരിക്കും.

നിലവിൽ നെറ്റ് മീറ്ററിങ് സംവിധാനത്തിൽ പകൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിക്ക് തുല്യമായ വൈദ്യുതി രാത്രിയിൽ ഗ്രിഡിൽനിന്ന് ഉപയോഗിക്കാം. അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രമാണ് പണം നൽകേണ്ടത്. എന്നാൽ പുതിയ ചട്ടം നടപ്പായാൽ ഈ ആനുകൂല്യത്തിന് പരിധിയുണ്ടാകും. സോളാർ വൈദ്യുതി ഗ്രിഡിലൂടെ കൈമാറുന്നതിനും രാത്രിയിൽ വൈദ്യുതി സ്വീകരിക്കുന്നതിനുമുള്ള പ്രസരണ-വിതരണ ചെലവുകൾ കണക്കിലെടുത്താണ് പ്രത്യേക ചാർജ് ഏർപ്പെടുത്തുന്നത്. 2027 ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പാക്കാനാണ് നിർദേശം. ഇതോടെ സോളാർ ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ സാധ്യതയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

10 കിലോവാട്ടിന് മുകളിൽ ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിച്ചവർ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ബാറ്ററിയിൽ സംഭരിക്കണമെന്നും കരടുചട്ടം നിർദേശിക്കുന്നു. 2028 ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിലവിൽ 10 ശതമാനം വൈദ്യുതി ബാറ്ററിയിൽ സംഭരിക്കണമെന്നാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. കേന്ദ്ര നിർദേശപ്രകാരം ഇത് 20 ശതമാനം വരെ ഉയർന്നേക്കാം. കൂടാതെ 10 കിലോവാട്ടിന് മുകളിലുള്ള പ്ലാന്റുകൾക്ക് 2028 ഏപ്രിൽ മുതൽ സമയത്തിനനുസരിച്ച് വൈദ്യുതി നിരക്ക് മാറുന്ന ടി.ഒ.ഡി. താരിഫും ബാധകമാകും. കരടുചട്ടം സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി വിട്ടിരിക്കുകയാണ്.