ആദ്യവിവാഹ വിവരം മറച്ചുവച്ച് മറ്റൊരു വിവാഹം നടത്തിയെന്ന പരാതിയിൽ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ. ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്. സിനിമാ മേഖലയിൽ പ്രൊഡക്ഷൻ മാനേജരായും അഭിനേതാവായും പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ കൊട്ടാരക്കര വാളകം സ്വദേശിനിയാണ് പരാതി നൽകിയത്. ആദ്യവിവാഹം കഴിഞ്ഞ് വിവാഹമോചനം നേടിയ വിവരം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാണ് യുവതിയുടെ ആരോപണം.
2026 ജൂലൈ 12ന് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് ശിവഗിരി മഠത്തിലും വിവാഹച്ചടങ്ങുകൾ നടത്തിയിരുന്നു. വിവാഹശേഷം യുവതിയുടെ 33 പവൻ സ്വർണാഭരണങ്ങൾ ഇന്ദ്രജിത്ത് കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. ആദ്യവിവാഹ വിവരം മറച്ചുവച്ച് വിശ്വാസവഞ്ചന നടത്തിയെന്നും യുവതി ആരോപിക്കുന്നു.
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗം രജനി മനോഷ്, പഞ്ചായത്ത് പ്രസിഡന്റ് രാജു എൻ.ഡി. എന്നിവർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. ഇന്ദ്രജിത്തിന്റെ ആദ്യവിവാഹമാണെന്ന് കാണിച്ച് ഇരുവരും വ്യാജ സാക്ഷ്യപത്രം നൽകിയെന്നാണ് ആരോപണം. ഇവരെയും കേസിൽ കൂട്ടുപ്രതികളാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply