ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ദീർഘകാലമായി ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളിക്ക് ഉറക്കഗുളികകൾ നൽകി അബോധാവസ്ഥയിലാക്കി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നോട്ടിങ്ഹാം സ്വദേശിയായ യുവാവിന് 12 വർഷം തടവ്. മുപ്പത് വയസ്സിനിടയിലുള്ള പ്രതിയുടെ പേര് ഇരയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി കോടതി വെളിപ്പെടുത്തിയിട്ടില്ല. ഉറക്കഗുളികകളുടെ സ്വാധീനത്തിൽ ഉറങ്ങിക്കിടന്നിരുന്ന പങ്കാളിയെ പലതവണ ലൈംഗികമായി അതിക്രമിച്ചുവെന്ന് പ്രതി ജൂണിൽ കോടതിയിൽ സമ്മതിച്ചിരുന്നു. രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങൾ, ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ആറ് കുറ്റങ്ങൾ, ക്ലാസ് ബി മയക്കുമരുന്ന് കൈവശം വെച്ചതിനുള്ള കുറ്റം എന്നിവയിലാണ് നോട്ടിങ്ഹാം ക്രൗൺ കോടതിയുടെ ശിക്ഷാവിധി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പങ്കാളിക്ക് ഉറക്കഗുളികകൾ നൽകുന്നതിനൊപ്പം ചിലപ്പോൾ വീഞ്ഞും കുടിക്കാൻ നൽകിയിരുന്നതായി കോടതിയിൽ വ്യക്തമായി. ഇതിലൂടെ ഇര ഗാഢനിദ്രയിലാകുന്ന സാഹചര്യം പ്രതി മുതലെടുക്കുകയായിരുന്നു. മാസങ്ങളോളം ബന്ധത്തിലുണ്ടായിരുന്ന വിശ്വാസം ദുരുപയോഗം ചെയ്ത പ്രതിയുടെ പ്രവൃത്തികൾ അങ്ങേയറ്റം ക്രൂരവും വികലമായ ലൈംഗിക ഭാവനയുടെ ഭാഗവുമാണെന്ന് വിധി പ്രസ്താവിച്ച ജഡ്ജി വാട്സൺ പറഞ്ഞു. ഭാവിയിൽ മറ്റ് പങ്കാളികൾക്കും അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പ്രതിക്കെതിരെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള ഉത്തരവും നിയന്ത്രണ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

മറ്റൊരു യുവതിയോട് അബോധാവസ്ഥയിലായിരുന്ന സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇയാൾ ആ യുവതിക്ക് അയച്ചുകൊടുത്തിരുന്നു. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദീർഘകാല പങ്കാളിയായിരുന്നു ചിത്രങ്ങളിലെയും വിഡിയോകളിലെയും ഇരയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അനുവാദമില്ലാതെ പങ്കാളിയുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരു സ്ത്രീക്ക് അയച്ചുകൊടുക്കുകയും ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതായും വ്യക്തമായി. ഇരയുടെ സുരക്ഷിതത്വവും വിശ്വാസവും മുതലെടുത്ത് നടത്തിയ അതിക്രമങ്ങളാണിതെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പ്രതികരിച്ചു. ജോവാൻ യങ്ങിനെ മയക്കുമരുന്ന് നൽകി മുൻ ഭർത്താവും മറ്റ് പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസിൽ വിൻചെസ്റ്റർ ക്രൗൺ കോടതിയിൽ നാലുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം. ആ കേസിലെ പ്രതികൾക്ക് അടുത്ത മാസം ശിക്ഷ വിധിക്കും.