കണ്ണൂർ: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കലാപത്തിന് ആഹ്വാനം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, പ്രകോപനമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 192, 351(3), 352 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കവെയാണ് മധുസൂദനൻ വിവാദ പരാമർശങ്ങൾ നടത്തിയത്. തങ്ങളെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു പ്രസംഗം. “കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സോഷ്യൽ മീഡിയയിലൂടെ തങ്ങളെ പരിഹസിക്കുന്നവർ വീടുകളിലേക്ക് വരാതിരിക്കുന്നത് തങ്ങളുടെ ക്ഷമകൊണ്ടാണെന്നും ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. “നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്” എന്ന പരാമർശവും വിവാദമായി. പ്രസംഗം ഭീഷണിയുടെ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു നേതാവ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.











Leave a Reply