പാലക്കാട്: കൂട്ടുകാർക്കിടയിൽ ഷോ കാണിക്കാനായി തോക്കുമായെത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥി തമിഴ് സിനിമയായ ‘ലിയോ’യിലെ വെടിവെപ്പ് രംഗം അനുകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് സഹപാഠികളുടെ മൊഴി. തൃത്താല പരുതൂർ സ്കൂളിൽ നടന്ന വെടിവെപ്പ് സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. റീൽസും സിനിമകളും കണ്ട് കൂട്ടുകാർക്കിടയിൽ വീമ്പ് കാണിക്കാനായിരുന്നു വിദ്യാർഥിയുടെ ശ്രമമെന്നാണ് പോലീസിന് ലഭിച്ച വിവരം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേളയ്ക്കിടെയായിരുന്നു സംഭവം. ആദ്യം ഉതിർത്ത വെടിയുണ്ട സ്കൂളിലെ ഭിത്തിയിലാണ് പതിച്ചത്. ഏകദേശം പത്ത് മിനിറ്റിന് ശേഷം ബാഗിൽനിന്ന് വീണ്ടും തോക്കെടുത്ത് സിനിമയിലെ രംഗം അനുകരിച്ച് വെടിയുതിർത്തു. ഇത്തവണ ഒന്നര അടി മാത്രം അകലെയുണ്ടായിരുന്ന സഹപാഠിയുടെ കൈയ്ക്ക് മുകളിലാണ് വെടിയുണ്ട പതിച്ചത്. വെടിയേറ്റ വിദ്യാർഥിയുടെയും സംഭവത്തിന് സാക്ഷികളായ മറ്റ് കുട്ടികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോധപൂർവമായ ആക്രമണമല്ലെന്നും തോക്ക് ഉപയോഗിക്കുന്നതിനിടെയുണ്ടായ അബദ്ധമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെടിയുതിർത്ത വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. അമ്മയുടെ അലമാരയിൽനിന്നാണ് തോക്ക് ലഭിച്ചതെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെയും ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. വർഷങ്ങൾക്ക് മുമ്പ് മരിച്ച മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് തോക്കെന്നാണ് വിവരം. തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.











Leave a Reply