ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പുകവലി ഉപേക്ഷിക്കുന്നതിൽ ഏറ്റവും കുറവ് വിജയം നേടുന്നത് മധ്യവയസ്‌കരായ സ്ത്രീകളാണെന്ന് പുതിയ പഠനം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ (UCL) ഗവേഷകർ 2013 മുതൽ 2026 വരെയുള്ള കാലയളവിൽ പുകവലി നിർത്താൻ ഗൗരവമായ ശ്രമം നടത്തിയ 8,000ത്തോളം സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 45നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 18 ശതമാനം പേർക്ക് മാത്രമാണ് പുകവലി പൂർണമായി ഉപേക്ഷിക്കാൻ കഴിഞ്ഞത്. 45 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ 22 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരിൽ 21 ശതമാനത്തോളവും പുകവലി ഉപേക്ഷിക്കുന്നതിൽ വിജയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലിയിലെ സമ്മർദം, കുടുംബാംഗങ്ങളെ പരിചരിക്കേണ്ട ഉത്തരവാദിത്വങ്ങൾ എന്നിവ മധ്യവയസ്‌കരായ സ്ത്രീകൾക്ക് പുകവലി ഉപേക്ഷിക്കുന്നതിന് തടസ്സമാകുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ. സാറാ ജാക്സൺ ചൂണ്ടിക്കാട്ടി. ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഉറക്കപ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വർധിച്ച സമ്മർദം എന്നിവയും ഇതിന് കാരണമാകാമെന്നാണ് വിലയിരുത്തൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ നിരക്ക് 15.8 ശതമാനം മാത്രമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലുള്ള സ്ത്രീകളിൽ ഇത് 21.2 ശതമാനമാണ്. നിക്കോട്ടിൻ ആശ്രിതത്വം കൂടുതലായിരിക്കുന്നതും പിന്നാക്ക വിഭാഗങ്ങളിൽ പുകവലി ഉപേക്ഷിക്കൽ പ്രയാസകരമാക്കുന്നു.

പുകവലി ഉപേക്ഷിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നതിനൊപ്പം അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രത്യേക സഹായവും ഉറപ്പാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. പഠനത്തിന് സാമ്പത്തിക സഹായം നൽകിയ ക്യാൻസർ റിസർച്ച് യുകെയുടെ മേധാവി മിഷേൽ മിച്ചൽ, പ്രായമോ സാമ്പത്തിക സാഹചര്യങ്ങളോ താമസസ്ഥലമോ പരിഗണിക്കാതെ എല്ലാവർക്കും പുകവലി ഉപേക്ഷിക്കാനുള്ള സഹായം ലഭ്യമാക്കണമെന്ന് പറഞ്ഞു. പുകവലി നിരക്ക് കൂടുതലുള്ള മേഖലകളിൽ കൂടുതൽ സഹായം എത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആരോഗ്യസംഘടനകൾ ആവശ്യപ്പെട്ടു.











Leave a Reply