ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പകുതിയോളം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിസ്ഥലത്ത് വംശീയ വിവേചനം നേരിട്ടതായി സർവേ റിപ്പോർട്ട്. രാജ്യത്തെ അഞ്ച് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 75 ശതമാനം പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ വംശം, മതം, വംശീയ പശ്ചാത്തലം എന്നിവയുടെ പേരിൽ വിവേചനമോ അനീതിപരമായ പെരുമാറ്റമോ നേരിട്ടതായും റിപ്പോർട്ടിൽ പറയുന്നു. വിവേചനം നേരിട്ടവരിൽ 75 ശതമാനം പേരുടെയും മാനസികാരോഗ്യത്തെ ഇത് ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് വംശീയ അധിക്ഷേപം നേരിട്ടവരിൽ പലരും ഇത്തരം സംഭവങ്ങളെ തമാശയെന്ന പേരിലാണ് ന്യായീകരിക്കുന്നതെന്നും 56 ശതമാനം പേർക്ക് തങ്ങളുടെ പരാതികൾ എച്ച്.ആർ വിഭാഗം ഗൗരവത്തോടെ പരിഗണിക്കുമെന്ന കാര്യത്തിൽ വിശ്വാസമില്ലെന്നും 2,506 പേരിൽ നടത്തിയ സർവേ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളും രാഷ്ട്രീയ പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങളും വംശീയ വിവേചനം വർധിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വംശീയ അധിക്ഷേപം നേരിട്ടവരിൽ 42 ശതമാനം പേർ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് വിവേചനം അനുഭവപ്പെട്ടതെന്ന് വ്യക്തമാക്കി. 57 ശതമാനം പേർ സാമൂഹിക മാധ്യമങ്ങളിൽ കുടിയേറ്റക്കാർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരായ മോശം പരാമർശങ്ങൾ ആഴ്ചതോറും കാണുന്നുണ്ടെന്നും 46 ശതമാനം പേർ കുടിയേറ്റക്കാരെ രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് ഉത്തരവാദികളാക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ പതിവായി കേൾക്കുന്നുണ്ടെന്നും സർവേയിൽ വെളിപ്പെട്ടു. വംശീയത ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷം ഇത്തരം പ്രവണതകൾക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നും റേസ് ഇക്വാലിറ്റി ഫൗണ്ടേഷൻ സി.ഇ.ഒ ജബീർ ബട്ട് പറഞ്ഞു.

വംശീയ വിവേചനം നേരിട്ടവരിൽ പകുതിയോളം പേർ എല്ലായ്പ്പോഴും ജാഗ്രതയോടെയും മുൻകരുതലോടെയും ജീവിക്കേണ്ടിവരുന്നതായി അഭിപ്രായപ്പെട്ടു. എന്നാൽ മാനസികാരോഗ്യത്തെ ബാധിച്ചിട്ടും വെറും അഞ്ച് ശതമാനം പേർ മാത്രമാണ് വിദഗ്ധ സഹായം തേടിയത്. വംശീയ അധിക്ഷേപം നേരിട്ടവരുടെ മാനസികാരോഗ്യത്തെ മാത്രമല്ല, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന നിരന്തരമായ ഭയവും ആശങ്കയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സെന്റർ ഫോർ മെന്റൽ ഹെൽത്തിന്റെ ഗവേഷകയായ സൂസൻ സോളമൻ പറഞ്ഞു. വംശീയത തടയാനുള്ള ഉത്തരവാദിത്തം ഇരകളിൽ മാത്രം ചുമത്താതെ രാഷ്ട്രീയ നേതാക്കളും തൊഴിലുടമകളും പൊതുസ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.