ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ തൊഴിൽ – പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് (DWP) നേരിട്ട സൈബർ തകരാറിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് ഓൺലൈൻ ആനുകൂല്യ, പെൻഷൻ സേവനങ്ങൾ ലഭ്യമല്ലാതായി. സൈബർ ആക്രമണമാണോ സംഭവത്തിന് പിന്നിലെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. വ്യക്തിഗത വിവരങ്ങൾ ചോർന്നതിന് നിലവിൽ തെളിവുകളില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് DWP വ്യക്തമാക്കി. അതേസമയം, പതിവ് ആനുകൂല്യ, പെൻഷൻ തുകകളുടെ വിതരണം തടസ്സപ്പെടില്ലെന്നും അധികൃതർ ഉറപ്പുനൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ട ചിലർക്ക് പണം സമയത്ത് ലഭിക്കാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കി. കാർഡിഫിലെ നാല് കുട്ടികളുടെ അമ്മയായ സമാന്ത റിയയ്ക്ക് 1,600 പൗണ്ടിന്റെ ആനുകൂല്യം ലഭിക്കാത്തതിനാൽ ഭക്ഷണം വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് പരാതിപ്പെട്ടു. പ്ലിമത്തിലെ 30കാരിയായ ജോർജിന ഹവാർത്തിന് ഭക്ഷണസാധനങ്ങൾ വാങ്ങാൻ അമ്മയോട് പണം കടം ചോദിക്കേണ്ടിവന്നു. ജോലി അന്വേഷിക്കുന്നതിന്റെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട ഓൺലൈൻ ജേണലും പ്രവർത്തനരഹിതമായതോടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയിലാണ് നിരവധി പേർ. എന്നാൽ സാങ്കേതിക തകരാർ മൂലം ജേണലിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തവർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് DWP അറിയിച്ചു. ഗർഭിണികൾക്കും ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ സഹായിക്കുന്ന എൻഎച്ച്എസ്സിന്റെ ഹെൽത്തി സ്റ്റാർട്ട് പദ്ധതിയുടെ ഓൺലൈൻ അപേക്ഷാ സംവിധാനവും തടസ്സപ്പെട്ടു. എന്നാൽ ഇതിന്റെ പണമിടപാടുകളെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച ഉച്ചയോടെ പെൻഷൻ, യൂണിവേഴ്സൽ ക്രെഡിറ്റ്, പേഴ്സണൽ ഇൻഡിപെൻഡൻസ് പേയ്മെന്റ് (PIP) അപേക്ഷകൾ തുടങ്ങിയ സേവനങ്ങളും മരണം സർക്കാരിനെ അറിയിക്കാനുള്ള ‘ടെൽ അസ് വൺസ്’ സംവിധാനവും ലഭ്യമല്ലായിരുന്നു. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും DWP അറിയിച്ചു. സൈബർ ആക്രമണ സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച സൈബർ ആക്രമണങ്ങൾ വർധിപ്പിക്കാമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ഏപ്രിലിൽ ലീഗൽ എയ്ഡ് ഏജൻസിയുടെ ഓൺലൈൻ സംവിധാനത്തിലും സൈബർ ആക്രമണം നടന്നിരുന്നു. അന്ന് പതിറ്റാണ്ടുകളായുള്ള അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ വലിയ തോതിൽ വിവരങ്ങൾ ചോർന്നതായി സർക്കാർ സ്ഥിരീകരിച്ചിരുന്നു.