ഓസ്‌ട്രേലിയയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി കാണാതായ പ്രശസ്ത കാന്‍സര്‍ ഗവേഷകന്റെ മൃതദേഹം കണ്ടെത്തി. ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായ ഡോ. ലുഖ്മാന്‍ ജുബൈര്‍ (35) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ക്വീന്‍സ് ലന്‍ഡിലെ മിയാമിയില്‍ ഒരാള്‍ കടലില്‍ അകപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് കടലില്‍ കാണാതാകുകയായിരുന്നു.

കരയിലും വെള്ളത്തിലും വ്യോമ മാര്‍ഗത്തിലും നടത്തിയ വിപുലമായ തിരച്ചിലാണ് മെര്‍മെയ്ഡ് ബീച്ചില്‍ നിന്ന് ലുഖ്മാന്‍ ജുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്.സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ കഴിഞ്ഞ ദിവസം സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.

ഇറാഖ് സ്വദേശിയായ ലുഖ്മാന്‍ ജുബൈര്‍ 2014-ലാണ് അവിടെ നിന്നു പലായനം ചെയ്ത് ഓസ്ട്രേലിയയിലെത്തിയത്. ഇറാഖില്‍ ഡോക്ടറായിരുന്ന ഡോ. ലുഖ്മാന്‍ ഓസ്ട്രേലിയയില്‍ വീണ്ടും യോഗ്യത തെളിയിച്ച് ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മികച്ച സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തും അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞനുമായിരുന്നു ലുഖ്മാനെന്ന് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നൈജല്‍ മക്മില്ലന്‍ പറഞ്ഞു. ഇറാഖിലെ കഠിനമായ പശ്ചാത്തലത്തില്‍നിന്ന് മികച്ച അവസരങ്ങള്‍ തേടി ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് ലുഖ്മാന്‍. ഗവേഷണ രംഗത്ത് അദ്ദേഹം വളരെയധികം കഴിവുകളുള്ള വ്യക്തിയായിരുന്നുവെന്ന് നൈജല്‍ മക്മില്ലന്‍ അനുസ്മരിച്ചു.

‘വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം കടലില്‍ ഇറങ്ങിയതില്‍ അതിശയിക്കാനില്ല. അവിശ്വസനീയമാംവിധം ധൈര്യശാലിയും പ്രതിഭാശാലിയുമായ വ്യക്തിയായിരുന്നു ലുഖ്മാന്‍.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കുന്ന ക്രിസ്പര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ലുഖ്മാന്‍.’CRISPR’ കാന്‍സര്‍ ഭേദമാക്കാന്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ലോകത്തിലെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതാണ്. മൃഗങ്ങളിലായിരുന്നു പരീക്ഷണം.