ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിറ്റില്‍ഹാംപ്ടണ്‍: അമ്മയ്ക്കൊപ്പമുള്ള ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു . അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന് സാജുവിന്റെയും മാള കുമ്പിടി കുടിലിങ്ങില്‍ റോസ് മേരിയുടെയും മകള്‍ ജെസീക്കയാണ് മരണമടഞ്ഞത് . ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ തൊട്ടരികില്‍ കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ എമര്‍ജന്‍സി സേവനങ്ങളെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.
രണ്ടാഴ്ച മുന്‍പ് ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ബന്ധുവീടുകളിലും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ജെസീക്കയുടെ കളിചിരികള്‍ ഇന്നും മാഞ്ഞു പോകാത്ത ഓര്‍മയായി നില്‍ക്കുന്നതിനിടെയാണ് യുകെയില്‍നിന്ന് ദുരന്തവാര്‍ത്ത എത്തിയത്. ഒരാഴ്ച മുന്‍പാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.
കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാന്‍ വിദഗ്ധ പരിശോധനകള്‍ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ഹോളിഡേ ആയതിനാല്‍ തുടര്‍നടപടികള്‍ ചൊവ്വാഴ്ച മാത്രമേ ആരംഭിക്കൂവെന്നാണ് സൂചന. സമീപകാലത്ത് യുകെയിലെ മലയാളി സമൂഹത്തെ നടുക്കിയ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി ജെസീക്കയുടെ വേര്‍പാട് മാറിയിരിക്കുകയാണ്.
കുഞ്ഞ് ജെസീക്കയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply