മധുര∙ നഗരത്തിലെ ആശുപത്രിയിൽ ഒരു വർഷത്തോളം സേവനം ചെയ്തിരുന്ന ഡോക്ടർ. തെരുവിൽ ഒരുപറ്റം യാചകർക്കൊപ്പം ഭിക്ഷയെടുക്കുന്നുവെന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഞങ്ങളുടെ കണ്ണുകൾ കാണുന്നത് സത്യം തന്നെയാണോ എന്ന് ഞങ്ങൾ ആദ്യം സംശയിച്ചു. അടുത്തു ചെന്ന് രേഖകൾ ആവശ്യപ്പെട്ടു. ഡോക്ടര്‍ ആണെന്ന് അറിഞ്ഞതോടെ മധുര മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ഫോണിൽ വിളിച്ച് സംസാരിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയും തെരുവിൽ അലയേണ്ടി വരുകയും ചെയ്ത യുവ ട്രാൻസ്ജെൻഡർ ഡോക്ടറുടെ കഥ പറയുകയാണ് ഇൻസ്പെക്ടർ ജി. കവിത.
ആൺകുട്ടിയായാണ് അവർ ജനിച്ചത്. 2018 ൽ ഉയർന്ന മാർക്കോടെ മധുര മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കി. നഗരത്തിലെ ഒരു ആശുപത്രിയിൽ ഒരു വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറാൻ ആഗ്രഹിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയമായതും.
ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനു ശേഷം ഡോക്ടർക്കു ജോലി നഷ്ടപ്പെട്ടു. താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെട്ടു. ഗത്യന്തരമില്ലാതെ നഗരത്തിലെ ഒരു ട്രാൻസ്ജെൻഡറിനൊപ്പം താമസം ആരംഭിച്ചു. ജീവിക്കാൻ മറ്റുവഴികളില്ലാതെ ആയപ്പോൾ ഭിക്ഷാടനത്തിലേക്കു തിരിയുകയായിരുന്നുവെന്നും ഇൻസ്പെക്ടർ. ജി. കവിത പറയുന്നു.
മെഡിക്കൽ കോളജിലെ ഡോക്ടറുടെ സഹപാഠിയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസ് മനസ്സിലാക്കിയത്. 20 ദിവസമായി ഡോക്ടറെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. തെരുവിൽ ഭിക്ഷാടകർ കൂടുന്നുവെന്ന പരാതിയിൽ നടത്തിയ അന്വേഷണമാണ് ഡോക്ടറെ കണ്ടെത്താൻ സഹായിച്ചത്.
മികവുള്ള ഒരു വിദ്യാർഥിയെന്ന നിലയിൽ എല്ലാ സഹായവും നൽകാൻ ഒരുക്കമായിരുന്നുവെന്നും എന്നാൽ ഹൗസ് സർജൻസി കഴിഞ്ഞതിനു ശേഷം ഡോക്ടറെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്നും മധുര മെഡിക്കൽ കോളജിലെ ഡീൻ ഡോക്ടർ ജെ സങ്കുമണി ദേശീയ മാധ്യമത്തോടു പറഞ്ഞു. പൊലീസും ഒരു മെഡിക്കൽ ലാബ് ഉടമസ്ഥനും കൂടി മധുരയിൽ ഡോക്ടർക്കായി ഒരു ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്. സ്റ്റെതസ്കോപ്, കോട്ട് തുടങ്ങിയ വാങ്ങി നൽകുകയും ചെയ്തു.
ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനാൽ ഡോക്ടറുടെ കുടുംബം സ്വീകരിക്കാൻ വൈമനസ്യം കാണിച്ചതായും ജി. കവിത പറയുന്നു. മാധ്യമങ്ങളിലൂടെ ഈ വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ഡോക്ടറെ സഹായിക്കാൻ മുന്നോട്ടു വന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രചരിച്ചത് ഡോക്ടറെ അസ്വസ്ഥയാക്കിയെന്നും ജി. കവിത പറയുന്നു.
Leave a Reply