സാൻ ഫ്രാൻസിസ്‌കോ ബേ ഏറിയക്കടുത്ത് പ്ലസന്റണിൽ നാലംഗ മലയാളി കുടുംബം ഇലക്ട്രിക് കാർ അപകടത്തിൽ മരിച്ചത് സമൂഹത്തെയാകെ ഞെട്ടിച്ചു. പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ ശ്രീ തരുൺ ജോർജ്, ഭാര്യ ശ്രീമതി റിൻസി, രണ്ടു മക്കൾ എന്നിവരാണ് മരണമടഞ്ഞത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ശ്രീ ജോർജ് സി ജോർജ് (ജോർജി) ശ്രീമതി അനിത ദമ്പതികളുടെ മകനാണ് ശ്രീ തരുൺ ജോർജ്.

ശ്രീ തരുൺ ജോർജിന്റെ കുടുംബം നിരവധി വർഷങ്ങളായി ചെന്നൈയിലാണ്. ചെന്നൈ അണ്ണാ നഗർ മാർത്തോമാ ഇടവക അംഗങ്ങളാണ്. പിതാവ് ജോർജ് സി ജോൺ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ഏപ്രിൽ 24 ബുധനാഴ്ച രാത്രി 9.30 മണിക്കായിരുന്നു അപകടം സംഭവിച്ചത്. വഴിവക്കിലെ ഓക്ക് മരത്തിൽ കാർ ഇടിച്ചു കത്തുകയായിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തി നശിച്ചു. വേഗത ഒരു ഘടകമായിരിക്കാം. എന്നാൽ മദ്യവും മറ്റു പ്രശ്നങ്ങളും അപകടത്തിന് കാരണമായതായി വിശ്വസിക്കുന്നില്ലെന്ന് പോലീസ് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിനോട് പറഞ്ഞു. ഫൗൾ പ്ലേ സംശയിക്കുന്നില്ല. അപകടത്തെ തുടർന്ന് കുടുംബത്തിൻ്റെ ഇലക്ട്രിക് കാറിന് തീ പിടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോഴും വീണ്ടും കത്തുകയും ചെയ്തു. കാർ തുറക്കാൻ കഴിഞ്ഞില്ലെന്നു കരുതുന്നു.

“ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല” പോലീസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. “കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.” കുട്ടികൾ തങ്ങളുടെ സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് പ്ലസൻ്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് പറഞ്ഞു. കുട്ടികളിൽ ഒരാൾ മിഡിൽ സ്കൂളിലും മറ്റൊരാൾ എലിമെൻ്ററിയിലും ആയിരുന്നുവെന്ന് പ്ലസൻ്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് പറയുന്നു.

കാർ മരത്തിൽ ഇടിക്കുന്നതിന് മുമ്പ് ഒരു പോളിൽ ഇടിക്കുകയും തീപിടിക്കുകയും ചെയ്തതായി വീഡിയോയിൽ കാണുന്നതായി ക്രോൺ 4 റിപ്പോർട്ട് പറയുന്നു. വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിലൂടെ നിരവധി ഡ്രൈവർമാർ അമിത വേഗതയിൽ സഞ്ചരിക്കുന്നതായി പരിസര വാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി മാരകമായ അപകടങ്ങൾ ഈ റോഡിൽ പതിവായി നടക്കുന്നു.