ഫാ. ഹാപ്പി ജേക്കബ്ബ്

വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിൽ മനുഷ്യനും ദൈവവുമായുള്ള ആത്മീക ബന്ധവും നാലാം അധ്യായം മുതൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും ജീവിതയാത്രയുടെ വർണ്ണനയുമാണ്. അത് ഇന്നും തുടർന്ന് വരുന്നു. കൊണ്ടും കൊടുത്തും സ്നേഹിച്ചും യുദ്ധം ചെയ്തും, പങ്കുവച്ചും കലഹിച്ചും , ക്ഷമിച്ചും പൊറുത്തും പല സമൂഹങ്ങളായി ഈ മനുഷ്യൻ ജീവിക്കുന്നു. എല്ലാവരുടെയും ഉള്ളിൽ ‘സ്വയം ‘ എന്ന ഭാവവും തന്റേത് എന്ന അഹംഭാവവും ഉണ്ട് എങ്കിലും ഹൃദയത്തിൻറെ ആഴങ്ങളിൽ എവിടെയോ കാരുണ്യവും കരുതലും വറ്റാത്ത ഉറവയായി ഇന്നും അവശേഷിക്കുന്നു. പരസ്പരം കരുതുവാനും, ഒരു കൈ സഹായം ചെയ്യുവാനും ഒക്കെ നമ്മെ ഇടയാക്കുന്നത് ഈ കൃപയാണ്.

പരിവർത്തനത്തിന്റെ വേദ ചിന്തയായ കാനായിലെ കല്യാണവിരുന്നും തൊട്ടുകൂടായ്മയും അയിത്തവും മാറ്റുന്ന കുഷ്ഠരോഗിയുടെ അനുഭവവും കഴിഞ്ഞ് നാം ഇന്ന് എത്തി നിൽക്കുന്നത് തളർവാത രോഗിയെ സൗഖ്യമാക്കുന്ന വേദ ചിന്തയിലാണ്. നാല് പേർ ചുമന്ന് ഒരു മനുഷ്യനെ ദൈവ സന്നിധിയിൽ എത്തിക്കുന്ന വേദഭാഗം, വി. മർക്കോസ് 2: 1- 12 ഓരോ അതിശയങ്ങളും അത്ഭുതങ്ങളും നമുക്ക് സംഭവിക്കുമ്പോൾ “എല്ലാവരും അത്ഭുതപ്പെടുകയും ഇങ്ങനെ നാം ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുകയും ” ചെയ്യുന്ന അനുഭവം. ഈ വിവരണം ശരീരരോഗങ്ങൾ സൗഖ്യമാക്കുന്ന കർത്താവിൻറെ അധികാരത്തെ പ്രകടമാക്കുക മാത്രമല്ല വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ എടുത്ത് കാണിക്കുകയും ചെയ്യുന്നു. ദൈവത്തിലുള്ള വിശ്വാസം എത്രമാത്രം ബന്ധങ്ങളെ സ്വാധീനിക്കുവാൻ കഴിയും എന്നും ഈ ചിന്ത നമ്മെ പഠിപ്പിക്കുന്നു.

1. വിശ്വാസം രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുന്നു

തങ്ങളുടെ സഹോദരനെ സൗഖ്യപ്പെടുത്തുവാൻ നാലുപേർ ചേർന്ന് ചെയ്യുന്ന ത്യാഗപൂർണ്ണമായ സേവനം എത്ര വലുതാണ്. അവരുടെ മുൻപിൽ പ്രതിബന്ധങ്ങൾ ധാരാളം ഉണ്ടായി. ജനബാഹുല്യം, വീടിൻറെ അവസ്ഥ, ഈ മനുഷ്യൻറെ ബലഹീനത എല്ലാം പ്രതിബന്ധങ്ങൾ ആയിരുന്നുവെങ്കിലും അതിനെ എല്ലാം അതിജീവിക്കുവാൻ അവരുടെ വിശ്വാസത്തിന് സാധിച്ചു . വെല്ലുവിളികളും പോരാട്ടങ്ങളും നേരിടുമ്പോൾ, രോഗശാന്തിയും പുനഃസ്ഥാപനവും കൊണ്ട് വരുവാൻ നമ്മുടെ വിശ്വാസത്തിന് ശക്തി ഉണ്ട് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. നാല് പേർ സമൂഹത്തിന്റെ മുഖമാകുന്നു. നമുക്ക് കൂട്ടായി ഐക്യത്തോടെ, വിശ്വാസത്തോടെ ബലഹീനരെ ശക്തീകരിക്കാനും, സൗഖ്യപ്പെടുത്തുവാനും വിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് കർത്താവിൻ്റെ സന്നിധിയിൽ എത്താം.

2. പാപമോചനത്തിനുള്ള ദൈവീക അധികാരം.

തന്റെ മുമ്പാകെ എത്തപ്പെട്ട തളർവാത രോഗിയോട് യേശു പറയുന്നു , “എന്നാൽ മനുഷ്യപുത്രന് ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കുവാൻ അധികാരം ഉണ്ടെന്ന് നിങ്ങൾ അറിയുവാൻ ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു”. രോഗം പാപത്തിന്റെ ഫലമാണ് എന്ന രൂഢമൂലമായ അവസ്ഥയിലാണ് കർത്താവ് ഇത് പറയുന്നത് . ശാരീരിക രോഗങ്ങൾ സൗഖ്യപ്പെടുത്തുവാനല്ല പാപം ക്ഷമിക്കുവാനും അവന് കഴിയും. പാപമോചനം സൗഖ്യത്തിന് മുൻപുള്ള അവസ്ഥയാണ്, രോഗശാന്തിയുടെ ആത്മീക മാനവും ഇതാണ്. യഥാർത്ഥ സൗഖ്യം ആത്മീകവും ശാരീരികവും ചേർന്നുള്ള പുനസ്ഥാപനം ആണ് എന്നുള്ള പാഠം ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന് മനുഷ്യനെ ഉപദേശിക്കാം ‘നല്ല വാക്ക് പറയാം , ദൈവത്തിങ്കലേക്കുള്ള വഴികാട്ടി കൊടുക്കാം എന്നാൽ അവന്റെ പാപങ്ങളെ ക്ഷമിക്കുവാനും മോചിക്കുവാനും ദൈവത്തിന് മാത്രമേ കഴിയൂ. ഈ അനുഭവം കൗശിക പരമായി വി. കുമ്പസാരം എന്ന കൂദാശയായി നാം നിർവഹിക്കുന്നു.

3. ദൈവ പ്രവർത്തനത്തിന്റെ സാക്ഷ്യം.

തളർവാത രോഗി തന്നെ ചുമന്നു കൊണ്ടുവന്ന കട്ടിൽ എടുത്ത് സന്തോഷത്തോടെ തിരികെ നടന്നു പോകുന്ന സന്തോഷകരമായ അനുഭവം . ജനം പറയുന്നു തങ്ങൾ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല. അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവത്തിൻറെ രോഗശാന്തിയുടെയും വിടുതലിന്റെയും അനുഭവങ്ങൾ നമ്മുടെ പ്രയോജനത്തിന് മാത്രമല്ല ജീവനുള്ള ദൈവീക ബന്ധങ്ങളെ അനുഭവിക്കുവാനും അഭിമുഖീകരിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു. സൗഖ്യപ്പെട്ടവൻ കട്ടിലുമായി തിരികെ പോകുമ്പോൾ വിജയത്തിൻറെ രണ്ട് ചിന്തകൾ നമുക്ക് നൽകുന്നു. കർത്താവിൻറെ കൃപ ഉണ്ടായപ്പോൾ തന്നെ ഇന്നുവരെയും താങ്ങിയ കട്ടിലിനെ അവൻ എടുത്തു കൊണ്ടു പോകുന്നു. രണ്ടാമതായി ബലഹീനമെന്ന് കരുതിയ അവൻറെ കാലിന്റെ ശക്തിയിൽ അവൻ നടന്ന് നീങ്ങുന്നു. പാപമോചനം ലഭിച്ചവൻ ഇനി പാപിയല്ല പുതിയ ജീവിതത്തിന്റെ ഉടമ എന്ന് നമുക്ക് കാണിച്ചു തരുന്നു.

ഈ നോമ്പിൽ വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അടുത്ത ബന്ധവും, പാപമോചനത്തിനുള്ള കർത്താവിൻറെ അധികാരവും പരിവർത്തനത്തിന്റെ ശക്തിയും നമുക്ക് അടുത്ത് അറിയുവാൻ ശ്രമിക്കാം . നാം വിശ്വാസത്തോടെ മുൻപോട്ട് പോകുമ്പോൾ രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുകയും അതിലൂടെ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുകയും, വിശ്വാസത്തോടെ അത്ഭുതങ്ങൾ ദർശിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ നമുക്ക് ഇടയാകട്ടെ.

കർത്താവിൻറെ സ്നേഹത്തിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907