ഫാ. ഹാപ്പി ജേക്കബ്ബ്

അനന്ത സാധ്യതകൾ പലതും മുൻപിൽ നിൽക്കവെ കാണാത്ത ഭാവത്തിൽ പിൻ കാലിനാൽ വാതിലുകൾ ചവിട്ടി അടച്ച് അവസരങ്ങൾ ഇല്ലാതാക്കുന്ന അനുഭവങ്ങളിൽ കഴിയുന്ന നമുക്കുള്ള പാഠം ആണ് നോമ്പിൻറെ ഈ ദീനചിന്തയിൽ പാതിയിൽ അധികം നോമ്പിൻ ദിനങ്ങൾ പിന്നിട്ട് അനന്തവിജയത്തിന്റെ അസാധ്യ കിരണങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമുക്ക് കൂനിയുടെ സൗഖ്യം പുതിയ വാതായനങ്ങൾ തുറന്നു തരും തീർച്ച. വി. ലൂക്കോസിൻ്റെ സുവിശേഷം 13 -ാം അധ്യായം 10 – 17 വരെയുള്ള വാക്യങ്ങൾ.

കർത്താവ് ദേവാലയത്തിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ധാരാളം ആളുകൾ അവൻറെ വചനം കേൾക്കുവാൻ അടുത്ത് വന്നു. അത് കേവലം ഒരു ദിനം ആയി തോന്നിയെങ്കിലും ഒരു പ്രധാന സംഭവത്തിന് നിദാനമായി. ഒരു കൂനിയായ സ്ത്രീയും അവളുടെ സൗഖ്യവും ആ ദിനത്തെ വ്യത്യസ്തമാക്കി,

1. ബന്ധിതന്റെ അവസ്ഥ

സാധാരണ ഒരു മനുഷ്യ വസ്ഥയിൽ കഴിയേണ്ട സ്ത്രീ , നിവർന്ന് നിൽക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്നു. അവളുടെ ചുമരിലെ ഭാരം ഭൗതിക വ്യാപാരങ്ങളുടെ ഭാരത്തേക്കാൾ അധികം ആയിരുന്നു എന്ന് വാക്യങ്ങളിലൂടെ മനസ്സിലാക്കാം. പതിനെട്ട് വർഷം ഇവൾ ഇതേ യാതനയിൽ കൂടി കടന്നു പോയി, ആത്മീക തലത്തിൽ ഇത് പാപാധിക്യം മൂലമുള്ള കഠിന ചുമടായിട്ടാണ് കാണേണ്ടത്. ഏതെങ്കിലും കാര്യത്തിന് കീഴ്പെട്ട് ജീവിക്കേണ്ട അവസ്ഥ. അത് ജീവിത ഭാരം ആകാം, ആത്മീക ച്യുതിയാവാം, ശാരീരിക ബലഹീനത ആകാം, ഏതെങ്കിലും കെണിയിൽ വീണതാവാം. എന്ത് തന്നെയായാലും വിടുതൽ ആവശ്യം എങ്കിൽ കർത്തൃസന്നിധിയിൽ എത്തിയേ മതിയാവൂ. ഇന്നത്തെ ജനത എന്തൊക്കെ കാര്യത്തിന് അധികം സമയവും വ്യയവും ചിലവാക്കുന്നുവെങ്കിൽ അതെല്ലാം അവൻറെ ഭാരമായി അവന് ഭവിക്കും. ആധുനിക മാധ്യമങ്ങളും , ചിന്തകളും പലപ്പോഴും അവൻറെ ഭാരത്തിന്മേൽ ദാനമായി ഭവിച്ചേക്കാം. എന്തൊക്കെ നമ്മെ അധീനപ്പെടുത്തിയിരിക്കുന്നുവോ ഈ നോമ്പിൻ ദിനങ്ങളിലൂടെ കർത്താവിൻ്റെ സന്നിധിയിൽ എത്തിപ്പെടുവാനും അടിമ ജകങ്ങളെ ചെറുപ്പാനും നമുക്ക് കഴിയണം.

2. യഥാവസരത്തിലെ കർത്താവിൻറെ കാരുണ്യം

പല അവസരങ്ങളിലും നാം അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ ആഗ്രഹിക്കും. പല തീരുമാനങ്ങളും നാം എടുക്കും. എന്നാൽ അവ ഒന്നും പാലിക്കുവാൻ നമുക്ക് കഴിയാതെ പോകും – മാനുഷിക ബലഹീനത ആയി നാം അതിനെ വിലയിരുത്തുന്നു. എന്നാൽ ഓരോന്നും നമുക്ക് ഭവിക്കുമ്പോൾ സ്വയം തീരുമാനങ്ങളെക്കാള്‍്് കർത്താവിന് എന്നിൽ പ്രവർത്തിക്കുവാൻ ഉള്ള അവസരമായി മാറ്റുക. ഈ സ്ത്രീ കർത്താവിൻറെ സന്നിധിയിൽ ആയപ്പോൾ അവളെ അടുത്ത് വിളിച്ച് അവളുടെ ബന്ധനത്തെ അഴിച്ച് നിവരുവാൻ ഇടയായി. പാപം മാറിയപ്പോൾ അവൾ ദൈവാനുഭവം ദർശിച്ചു. നമ്മുടെ അവസ്ഥകൾ കാണുന്ന ദൈവം, നമ്മുടെ മുൻപിൽ അവതരിക്കുമ്പോൾ അവനെ വിധേയപ്പെടുക.

3. യഥാസ്ഥിതിക മാറ്റത്തിന് കാരണമാകുക

ഈ സംഭവം നടന്നത് ശാബതിൽ ആയിരുന്നത് കൊണ്ട് പ്രമാണിമാർ ചോദ്യം ചെയ്യുന്നു. സൗഖ്യപ്പെടുവാൻ അനേകം ദിവസങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കുന്നു. ഇന്ന് ഇത് നമ്മുടെ മധ്യേ നടമാടുന്ന ഒരു ഭാവമാണ്. നമുക്കോ ഒരാളെ കരുതുവാൻ കഴിയുന്നില്ല. എങ്കിലും ഏതെങ്കിലും തരത്തിൽ ലഭിക്കുന്ന അനുഗ്രഹത്തിന് വിഘാതമാകുവാൻ നമ്മുടെ പ്രവർത്തനം ഇടയാക്കുന്നുണ്ട് ! എന്നാൽ വിളിക്കപ്പെട്ട നാം അനേകർക്ക് ആശ്വാസം പകരുവാൻ വിളിക്കപ്പെട്ടവരാണ്. നോമ്പും പ്രാർത്ഥനയും അപ്രകാരം ഉള്ള അനുഭവങ്ങൾക്ക് അനേകരെ ഒരുക്കി സൗഖ്യം നൽകേണ്ടവരാണ്. തുറന്ന വാതിലുകൾ ചവിട്ടി അടയ്ക്കാതെ പ്രത്യാശയോടെ ദൈവ മുൻപാകെ എത്തുക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907