കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം മരിച്ച സംഭവം കൊടുങ്ങല്ലൂരിനെ നടുക്കി. നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. ഇവരുടെ മരണം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഫ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നു. ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയോട് തമാശകളും പറഞ്ഞാണ് ആഷിഫും കുടുംബവും ഉറങ്ങാന്‍ മുകള്‍നിലയിലെ മുറിയിലേക്ക് പോയത്.

സാധാരണ രാവിലെ എഴുന്നേല്‍ക്കാറുള്ള ഇവരെ പത്ത് മണിയായിട്ടും കണ്ടില്ല. ഏറെ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ നാട്ടുകാരെയും പറവൂരിലുള്ള സഹോദരനെയും വിളിച്ചു വരുത്തുകയായിരുന്നു. പുലര്‍ച്ചെയാണ് വിഷവാതകം മുറിയില്‍ പരത്തിയതെന്നാണ് സൂചന.

സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ആഷിഫ് വിഷവാതകം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കള്‍ നേരത്തെ വാങ്ങിയിരുന്നുവെന്നാണ് കരുതുന്നത്.

ഒരാഴ്ചമുമ്പാണ് അബീറയും മക്കളും കാക്കനാട്ടുള്ള വീട്ടില്‍ പോയത്. ആഷിഫ് ഇവരെ അവിടെ കൊണ്ടുവിട്ട്, ജോലിയുള്ളതുകാരണം തിരിച്ചുപോരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് കുടുംബം തിരിച്ചെത്തിയത്. കടബാധ്യതകളുണ്ടെങ്കിലും ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ താഴെ വിരിച്ച കിടക്കയില്‍ നാലുപേരും മരിച്ചനിലയിലായിരുന്നു.പാത്രത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തി കത്തിച്ചുണ്ടാക്കിയ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും ആത്മഹത്യക്കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തു. വലിയ സാമ്പത്തികബാധ്യത മൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതില്‍ വിഷദ്രാവകമുണ്ടെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

ഞായറാഴ്ച രാവിലെ 11 മണിയായിട്ടും ഇവര്‍ പുറത്തിറങ്ങാതായതോടെയാണ് ശ്രദ്ധിച്ചത്. താഴത്തെനിലയില്‍ പ്രായമുള്ള ഉമ്മ ഫാത്തിമയും സഹായിക്കാനെത്തിയിരുന്ന ആഷിഫിന്റെ സഹോദരിയുമാണുണ്ടായിരുന്നത്.

ഇവര്‍ അയല്‍വാസികളെ കൂട്ടിവന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പറവൂര്‍ പട്ടണംകവലയിലുള്ള സഹോദരന്‍ അനസിനെ വിവരം അറിയിച്ചു. ഇദ്ദേഹമെത്തി വാതില്‍ പൊളിച്ചാണ് ഉള്ളില്‍ കടന്നത്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്തവിധം കടലാസ് ഒട്ടിച്ചുവെച്ചിരുന്നു.

ഓണ്‍ലൈനിലൂടെയാണ് രാസവസ്തുക്കള്‍ വരുത്തിയതെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ആഷിഫ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കംചെയ്തിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് ആഷിഫ്. നിലവില്‍ വീട്ടിലിരുന്നാണ് ജോലിചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ.

റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജു, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചു. പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാര്‍ബണ്‍ മോണോക്‌സൈഡ്

നിശ്ശബ്ദകൊലയാളി എന്നു പേരുള്ള വിഷവാതകം. കാര്‍ബണും ഓക്‌സിജനും േചര്‍ന്നുണ്ടാകുന്ന ഈ വാതകത്തിന് നിറമോ മണമോ ഇല്ല. തൂക്കവും കുറവാണ്. ഓക്‌സിജന്റെ കുറവുമൂലം ജ്വലനം പൂര്‍ണമാകാത്തപ്പോഴാണ് ഇത് സാധാരണയായി ഉണ്ടാകുക.

വാതകം രക്തത്തില്‍ കലര്‍ന്നാല്‍ കാര്‍ബോക്‌സി ഹീമോഗ്ലോബിനുണ്ടാകും. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവിനെ ദോഷകരമാംവിധത്തില്‍ നിയന്ത്രിക്കും. അളവില്‍ കൂടുതല്‍ വാതകം ശ്വസിച്ചാലാണ് മരണം സംഭവിക്കുക.

വായുസഞ്ചാരമില്ലാത്ത മുറികളില്‍ ഇവ ശ്വസിച്ചാല്‍ മാരകമാകും